KeralaNEWS

റോഡ് ക്യാമറ വിവാദം: മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; പ്രസാഡിയോ കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേര്

തിരുവനന്തപുരം: റോഡ് ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് നേരത്തെ ഊരാളുങ്കലിന് നൽകിയ കരാറിൽ ഉപകരാർ നൽകിയത് പ്രസാഡിയോക്ക് ആയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. പ്രസാഡിയോ കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിൽ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ പേരുണ്ടെന്ന വിവരവും വെളിപ്പെട്ടു.

നിരത്തിലെ നിയമലംഘനം പിടികൂടാൻ ക്യാമറ സ്ഥാപിക്കുന്ന പദ്ധതി എസ്ആർഐടി എടുത്തെങ്കിലും പ്രധാന പദ്ധതി നടത്തിപ്പ് സ്ഥാപനം കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രസാഡിയോ ആണ്. കോടികളുടെ അഴിമതിയും ക്രമവിരുദ്ധ ഇടപെടലും വിവാദമായതിന് പിന്നാലെയാണ് പ്രസാഡിയോക്ക് കിട്ടിയ മറ്റ് പദ്ധതികളുടെ കരാർ വിശദാംശങ്ങൾ കൂടി പുറത്ത് വരുന്നത്.

Signature-ad

കാസർകോടും കണ്ണൂരും വെഹിക്കിൾ ഡ്രൈംവിംഗ് ടെസ്റ്റിംഗ് സ്റ്റേഷൻ സ്ഥാപിക്കാൻ ഊരാളുങ്കലിൽ നിന്ന് ഉപകരാറെടുത്തത് പ്രസാഡിയോയാണ്. 4.16 കോടിയുടെ പദ്ധതിയിൽ ഉപകരണങ്ങളുടെ സപ്ലൈയും അനുബന്ധ ജോലികളുമായിരുന്നു പ്രസാഡിയോയുടെ ചുമതല. 2018 ൽ സഥാപനം തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ് ഈ കരാർ പ്രസാഡിയോ ഏറ്റെടുക്കുന്നത്. ട്രാഫിക്ക് ക്യാമറക്ക് കെൽട്രോൺ വഴിയാണ് സർക്കാർ സ്വകാര്യ കമ്പനിയിലേക്ക് എത്തിയതെങ്കിൽ ഇവിടെ കിഡ്കോ വഴിയാണ് ഗതാഗത വകുപ്പ് ഊരാളുങ്കലലേക്കും അത് വഴി പ്രസാഡിയോയിലേക്കും എത്തിയത്.

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന് പ്രസാഡിയോയുമായി നേരിട്ട് ബന്ധമുണ്ടെന്ന ആക്ഷേപം നിലനിൽക്കെ പ്രസാഡിയോയും പ്രകാശ് ബാബുവും തമ്മിലുള്ള ഇടപാടുകളുടെ രേഖകളും പുറത്ത് വന്നു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രകാശ് ബാബുവിന്റെ പേരുള്ളത്. കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിൽ മുഖ്യമന്ത്രിയുടെ ഉറ്റ ബന്ധുവിന്റെ പേര് ഉൾപ്പെട്ടത് പ്രതിപക്ഷം അടക്കം സർക്കാരിനെതിരെ വലിയ ആയുധമാക്കിയിട്ടുമുണ്ട്.

കെ ഫോൺ അടക്കം മറ്റ് വൻകിട പദ്ധതികളിലും സമാനമായ ഉപകരാറുകൾ പ്രസാഡിയോ നേടിയതിന്റെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സർക്കാര് മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളിലെല്ലാം ടെണ്ടർ ഘട്ടം മുതൽ കരാർ ഉപകരാർ ജോലികളിൽ വരെ ഒരേ കമ്പനികളുടെ സ്ഥിരം സാന്നിധ്യവും ഇതിന് പിന്നിലെ സ്വജന പക്ഷപാതവുമാണ് പ്രതിപക്ഷം ആയുധമാക്കുന്നതും.

Back to top button
error: