അച്ഛന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് പണമില്ലാത്തതിനാല്‍ കുന്നിന് മുകളിലെ ഒറ്റപ്പെട്ട സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ച മകനെതിരെ പോലീസ് കേസെടുത്തു. വൈഎസ്ആർ ജില്ലയിലെ 24 കാരനായ ബൊമ്മ രാജശേഖര റെഡ്ഡിക്കെതിരെയാണ് പോലീസ് കേസെടുത്തത്. കടപ്പയിലെ ഗുവ്വലചെരുവ് ഘട്ട് റോഡിൽ നിന്ന് ഒരു വയോധികന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരു ട്രക്കിന്റെ ഡ്രൈവറും ക്ലീനറുമാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്നാണ് പോലീസിനെ വിവരമറിച്ചത്.
“ആശുപത്രിയിലെ ബെഡ്ഷീറ്റ് കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. ആശുപത്രിയിലേക്ക് മാറ്റാൻ കഴിയാത്തതിനാൽ, സംഭവസ്ഥലത്ത് തന്നെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി എസ്ഐ അരുൺ റെഡ്ഡി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആദ്യം കൊലപാതകമെന്ന് സംശയിച്ചെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രി ബെഡ് ഷീറ്റിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് മരിച്ചത് 62 കാരനായ ബൊമ്മ ചിന്ന പുല്ലാ റെഡ്ഡിയാണെന്ന് മനസിലായത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അദ്ദേഹത്തിന് ടിബി ആയിരുന്നെന്ന് കണ്ടെത്തി. ബൊമ്മ ചിന്ന പുല്ലാ റെഡ്ഡി കടുത്ത ടിബിക്ക് ചികിത്സയ്ക്കായി കടപ്പയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിയിരുന്നു. അച്ഛന്റെ രോഗവിവരം അറിഞ്ഞ് രാജശേഖരന് ആശുപത്രിയിലെത്തി. അദ്ദേഹം കടുത്ത രോഗാവസ്ഥയിലായിരുന്നതിനാല്‍ അന്ന് തന്നെ ഡിസ്ചാര്‍ജ്ജ് വാങ്ങി മകന് അച്ഛനെയും കൂട്ടി ഒരു ഓട്ടോ റിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചു. എന്നാല്‍ പോകുന്നവഴി അച്ഛന് മരിച്ചു. തുടര്‍ന്ന് അന്തിമ കര്‍മ്മം ചെയ്യാന്‍ തന്റെ കൈയില്‍ പണമില്ലെന്നും തന്നെ ഗുവ്വാലചെരുവിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കിവിടണമെന്നും ഇയാള്‍ ഓട്ടോ ഡ്രൈവറോട് ആവശ്യപ്പെട്ടു.
ഓട്ടോ ഡ്രൈവര്‍ അച്ഛന്റെ മൃതദേഹത്തോടൊപ്പം മകനെയും കടപ്പ-രായച്ചോട്ടി ഹൈവേയിലെ ഗുവ്വലച്ചെരുവ് ഘട്ട് റോഡിലെ ഒറ്റപ്പെട്ട സ്ഥലത്ത് ഇറക്കി. തുടര്‍ന്ന് രാജശേഖർ അച്ഛന്റെ മൃതദേഹം ചുമന്ന് കുന്നില്‍പ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് ഗ്രാമത്തിലെത്തി അച്ഛന് മരിച്ചെന്നും ആശുപത്രിയില്‍ വച്ച് അന്തിമ കര്‍മ്മങ്ങള്‍ ചെയ്തെന്നും ഇയാള്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞു. എന്നാല്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയെന്നും പോലീസ് അന്വേഷണം ആരംഭിച്ചെന്നുമുള്ള വാര്‍ത്ത അറിഞ്ഞതോടെ രാജശേഖരന് പോലീസ് സ്റ്റേഷനില്‍ പോയി തന്റെ അവസ്ഥ നേരിട്ട് അറിയിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മുതിർന്ന പൗരന്മാരുടെ കുട്ടികൾക്കും ബന്ധുക്കൾക്കും അവരെ പരിപാലിക്കാനും സംരക്ഷിക്കാനും വ്യവസ്ഥ ചെയ്യുന്ന സീനിയർ സിറ്റിസൺസ് ആക്ടിലെ സെക്ഷൻ 5 പ്രകാരമാണ് രാജശേഖറിനെതിരെ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.