കോട്ടയം: മന്ത്രിയുടെ കൈയിൽ നിന്ന് മുൻഗണനാ റേഷൻ കാർഡ് നേരിട്ട് വാങ്ങാനായതിന്റെ സന്തോഷത്തിലാണ് വടവാതൂർ സ്വദേശി ഏലിയാമ്മ തോമസ്. കോട്ടയം താലൂക്കിലെ ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഏലിയാമ്മയുടെ പരാതി പരിഗണിച്ച് മുൻഗണനാ റേഷൻ കാർഡ് നൽകിയത്. വടവാതൂർ പറപുഴ ചാമക്കാല വീട്ടിൽ ഏലിയാമ്മ തന്റെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റി നൽകണമെന്ന ആവശ്യപ്പെട്ട് ആദ്യം നൽകിയ അപേക്ഷ നിരസിച്ചിരുന്നു.
ഏലിയാമ്മയും ഭർത്താവ് തോമസ് ജോസഫുമാണ് നിലവിൽ വീട്ടിൽ താമസം. കൂലിപ്പണിക്കാരായ മക്കൾ മൂന്നുപേരും വേറെ വീടുകളിലാണ് താമസിക്കുന്നത്. കൂലിപ്പണി ചെയ്തും തൊഴിൽ ഉറപ്പ് പണിക്ക് പോയുമാണ് ഏലിയാമ്മയും ഭർത്താവും കഴിഞ്ഞിരുന്നത്. ആരോഗ്യസ്ഥിതി മോശമായതോടെ ഏലിയാമ്മയ്ക്ക് ജോലിക്കു പോകാനാകാതെ വരിക കൂടി ചെയ്തതോടെ ഈ വയോധിക ദമ്പതികൾ പ്രതിസന്ധിയിൽ ആയി. ചികിത്സാ ചിലവുകൾക്കും നിത്യവൃത്തിക്കും ഏറെ ബുദ്ധിമുട്ടിയ അവസ്ഥയിലാണ് റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലേക്ക് മാറ്റണമെന്ന അപേക്ഷയുമായി മന്ത്രി വി.എൻ. വാസവന്റെ മുന്നിൽ അദാലത്തിലൂടെ എത്തുന്നത്.