കോട്ടയം: 25 വർഷങ്ങൾക്കു മുൻപുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ പേരിൽ 17, 807 രൂപ വെള്ളക്കരം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതിന്റെ ആശങ്കയോടെയാണ് കുമരകം സ്വദേശി ചമ്പക്കുളത്തു വീട്ടിൽ സിറിൽ ജേക്കബ് കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിലെത്തിയത്. മടങ്ങിയതാകട്ടെ ഒരു രൂപ പോലും വെള്ളക്കരം അടയ്ക്കേണ്ടതില്ലെന്ന പരിഹാര നടപടിയുടെ ആശ്വാസത്തിലും . സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പരാതിക്ക് പരിഹാരം കണ്ടത്.
25 വർഷം മുൻപ് സിറിൽ ജേക്കബിന്റെ പിതാവ് പൈലോ ചാക്കോയുടെ പേരിൽ എടുത്ത വാട്ടർ കണക്ഷന്റെ കുടിശ്ശിക 17,807 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ വർഷം നവംബർ മുതലാണ് ജല അതോറിട്ടിയിൽ നിന്നു മൊബൈൽ സന്ദേശങ്ങൾ ലഭിച്ചത്. ഈ കണക്ഷൻ ഉണ്ടായിരുന്ന വീടും നിലവില്ലായിരുന്നു. പിതാവ് പൈലോ ചാക്കോയും ജീവിച്ചിരിപ്പില്ല. മുൻപ് പല തവണ ജല അതോറിറ്റിയുടെ ഓഫീസുകളിൽ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിൽ പരാതി സമർപ്പിച്ചതോടെ ആവശ്യമായ പരിശോധന നടത്തി നോൺ എക്സിസ്റ്റിംഗ് വിഭാഗത്തിൽ ഉൾപ്പെടുത്തി കുടിശിക അടയ്ക്കുന്നതിൽനിന്നു സിറിലിനെ ഒഴിവാക്കുകയായിരുന്നു.