IndiaNEWS

രാഹുലിന്റെ അപ്പീല്‍; ഗുജറാത്ത് ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ വാദം തുടരും. രാഹുലിന്റെ അഭിഭാഷകരുടെ വാദം കോടതി വിശദമായി കേട്ടിരുന്നു. പരാതിക്കാരനായ പൂര്‍ണേശ് മോദിയുടെ വാദമാണ് ഇന്ന് കേള്‍ക്കുക.

രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി നിലനില്‍ക്കില്ല എന്നതാണ് പൂര്‍ണേഷ് മോദിയുടെ പ്രധാനവാദം. ഇക്കാര്യം വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി പൂര്‍ണേഷിനോട് നിര്‍ദേശിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം പൂര്‍ത്തിയാക്കും.

Signature-ad

കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്ട്രേട്ട് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മേയ് 20നു മാത്രമേ വാദം തുടങ്ങൂ. ഇതില്‍ തീര്‍പ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും. ”മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്” എന്നു രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം.

Back to top button
error: