ദില്ലി: വിവാഹ മോചനത്തിൽ സുപ്രധാന വിധിയുമായി സുപ്രീം കോടതി. വീണ്ടെടുക്കാനാത്ത വിധം തകർച്ച നേരിട്ട വിവാഹ ബന്ധങ്ങൾ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച് വേർപെടുത്താമെന്നും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
എപ്പോഴാണ് ഒരു വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകർച്ചയുണ്ടാകുന്നതെന്ന് നിർണയിക്കാൻ മാനദണ്ഡങ്ങൾ നിർദേശിച്ചിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ച് പറഞ്ഞു. മെയിന്റനൻസ്, ജീവനാംശം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള നിർണയം എങ്ങനെ സന്തുലിതമാക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരിഗണിച്ച പ്രധാന വിഷയം. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും തീരുമാനിച്ചു. അതേസമയം, വാദത്തിനിടെ വീണ്ടെടുക്കാനാകാത്ത തകർച്ചയുടെ പേരിൽ വിവാഹങ്ങൾ വേർപെടുത്താൻ കഴിയുമോ എന്ന വിഷയവും പരിഗണിക്കാൻ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു.
ഏഴ് വർഷം മുമ്പ് ജസ്റ്റിസുമാരായ ശിവകീർത്തി സിംഗ്, ആർ ഭാനുമത) എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് അഞ്ചംഗ ബെഞ്ചിന് കൈമാറിയത്. വാദം കേട്ട ശേഷം ഭരണഘടനാ ബെഞ്ച് 2022 സെപ്റ്റംബർ 29ന് വിധി പറയാൻ മാറ്റി.