ഇടുക്കി ജില്ലയിലെ ചിന്നക്കനാലിനെ ഉൾപ്പെടെ കുറേ പ്രദേശങ്ങളെ വിറപ്പിച്ചുകൊണ്ടിരുന്ന അരിക്കൊമ്പൻ എന്ന കാട്ടാന കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാർത്തകളിലെ താരമാണ്. ഏറെ കോലാഹലങ്ങൾക്കും ശ്രമങ്ങൾക്കും ഒടുവിൽ ചിന്നക്കനാലിൽ നിന്ന് വെടിവച്ചുമയക്കിയ ആനയെ പെരിയാർ റിസർവ്വിൽ എത്തിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ ഈ യാത്രയ്ക്ക് പിന്നാലെ അരിക്കൊമ്പനപ്പോലെ വാർത്തയിലെ താരമായിരിക്കുകയാണ് ആനയെയും കൊണ്ട് ഉദ്യോഗസ്ഥർ യാത്ര ചെയ്ത ആ റോഡും. ആനിമൽ ആംബുലൻസിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങളുള്ള വലിയൊരു കോൺവോയ് ആയിട്ടായിരുന്നു അരിക്കൊമ്പൻറെ യാത്ര. അരിക്കൊമ്പൻറെ ഈ യാത്ര തത്സമയം ടെലിവിഷനിലും ഓൺലൈനിലും കണ്ടവർ വനംവകുപ്പിൻറെ വാഹനങ്ങൾ ചീറിപാഞ്ഞു പോയ റോഡ് കണ്ട് അമ്പരന്നതോടെയാണ് പുതിയ ചർച്ചകളുടെ തുടക്കം.
പൂർണമായും പണിതീർന്ന, ഹെയർ പിൻവളവുകളും മറ്റുമുള്ള മനോഹരമായ ഈ റോഡ് സംസ്ഥാനത്തെ പ്രധാനപ്പെട്ട പാതയാണ്. ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ റോഡിൻറെ നിർമ്മാണം പൂർത്തിയാക്കിയതിന് സംസ്ഥാന സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും മന്ത്രി മുഹമ്മദ് റിയാസിനും അഭിനന്ദനവുമായി ഇടതുപക്ഷ അനുഭാവികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രമുഖരും ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ മികച്ച റോഡുകളെ ചൂണ്ടിക്കാട്ടി രംഗത്തെത്തി. എന്നാൽ അധികം വൈകാതെ റോഡിന് മേൽ അവകാശവാദവുമായി ബിജെപി – സംഘപരിവാർ പ്രവർത്തകർ ഉൾപ്പെടെ കേന്ദ്ര സർക്കാർ അനുഭാവികളും കൂടി രംഗത്തെത്തി. അതോടെ ചർച്ച കൊഴുത്തു. റോഡിൻറെ അവകാശവാദത്തിൽ വിവാദവും തമ്മിലടിയും തുടങ്ങി. എന്നാൽ എന്താണ് വാസ്തവം? ഇതാ അറിയേണ്ടെതെല്ലാം
ദേശീയ പാത 85 എന്ന് അറിയപ്പെടുന്ന കൊച്ചി-ധനുഷ്കോടി ദേശീയ പാതയാണിത്. ഈ റോഡിൻറെ നിർമ്മാണം നടത്തിയത് കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള ദേശീയ പാത അതോറിറ്റിയാണ്. 440 കിലോമീറ്റർ നീളമുളള കൊച്ചി – മൂന്നാർ -ധനുഷ്കോടി ദേശീയപാത 85 ലെ മൂന്നാർ – ബോഡിമെട്ട് 41.78 കിലോമീറ്റർ പാത നവീകരിക്കുന്നതിനായി 382 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ ചീയപ്പാറ ഉൾപ്പടെ തകർന്ന പ്രദേശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി 74 ലക്ഷം രൂപ കേന്ദ്ര സർക്കാർ അനുവദിച്ചതായി 2022ൽ എം പി ഡീൻ കുര്യാക്കോസ് വ്യക്തമാക്കിയിരുന്നു. മൂന്നാറിനും മുവാറ്റുപുഴ കക്കടാശ്ശേരിക്കുമിടയിലാണ് മെയിന്റനൻസ് ജോലികൾ നടത്തപ്പെടുന്നത്. നിലവിൽ NH 85 ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് പണം അനുവദിച്ചിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
ഇനി ഈ റോഡുകളുടെ ദൂരവും മറ്റു ചില കാര്യങ്ങളും പരിശോധിക്കാം. എന്നാൽ മാത്രമേ കൃത്യമായ ഉത്തരത്തിലേക്ക് എത്തിച്ചേരാൻ പറ്റു. കൊച്ചി-ധനുഷ്കോടി ദേശീയപാത ( NH85) മൂന്നാർ വഴി പൂപ്പാറയിൽ ചെന്ന് കേരള-തമിഴ്നാട് അതിർത്തിയായ ബോഡിമെട്ടിലേക്കാണ് പോകുന്നത്. അവിടെനിന്നും തമിഴ്നാട്ടിലേക്കും ഈ പാത കടക്കുന്നു. മൂന്നാർ-പൂപ്പാറ 30 കിലോ മീറ്റർ ആണ് ദൂരം. മൂന്നാർ-കുമളി സംസ്ഥാനപാത (SH19) ഘടക പാത ആയ NH85 ൽ നിന്നും തിരിഞ്ഞ് കുമളിക്ക് പോകുന്നു. പൂപ്പാറയിൽ വച്ചാണ് NH85 ൽ നിന്നും റോഡ് വേർതിരിയുന്നത്. 70 കിലോമീറ്ററാണ് പൂപ്പാറ-കുമളി ദൂരം. നിലവിൽ NH85-ൽ മെച്ചപ്പെടുത്തൽ നടന്നിട്ടുള്ളത് മൂന്നാർ-പൂപ്പാറ-ബോഡിമെട്ട് പരിധിയിൽ ആണ്. ഇത് ഏകദേശം 41 കിലോമീറ്ററോളം വരും. മൂന്നാർ – ബോഡിമെട്ട് റോഡിനുള്ള ഫണ്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അനുവദിച്ചതാണ്. സംസ്ഥാന സർക്കാർ പദ്ധതി കേന്ദ്രത്തിൽ സമർപ്പിച്ച് നേടിയെടുത്തതാണ്. മൂന്നാർ – ബോഡിമെട്ട് റോഡ് നിർമ്മാണം നടത്തിയത് കേരള പൊതുമരാമത്ത് വകുപ്പ് ആണ്.
അരിക്കൊമ്പനെയും കൊണ്ട വാഹനം വ്യൂഹം പോയത് ചിന്നക്കനാലിൽ നിന്ന് കുമളിയിലേക്കാണ്. ഇനി സിമൻറ് പാലം മുതൽ സീനിയറോട വരെ ദൂരത്തിൻറെ വിവിധ വശങ്ങൾ കൂടി പരിശോധിച്ചാൽ ആർക്കാണ് കയ്യടിക്കേണ്ടതെന്ന് കൃത്യമായി മനസിലാകും. ചിന്നക്കനാൽ – പൂപ്പാറ ദേശീയപാത 85ന് 30 കിലോമീറ്റർ ദൂരമുണ്ട്. പൂപ്പാറ – കുമളി സംസ്ഥാനപാത 19ന് 70 കിലോമീറ്റർ ദൂരവും ഉണ്ട്. അതായത് അരിക്കൊമ്പൻ പോയ റോഡിന് കേന്ദ്രത്തിനും സംസ്ഥാനത്തിനുമൊക്കെ തുല്യമായ അവകാശമാണെന്ന് ചുരുക്കം. നന്ദി പറയേണ്ടതിൻറെ അത്യാവശ്യം ഒന്നും ഇല്ലെങ്കിലും അങ്ങനെ ചെയ്തേ തീരൂ എന്ന് അത്യാവശ്യം ഉള്ളവർക്ക് വേണമെങ്കിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരുമിച്ച് നന്ദി പറയാം. സിപിഎം – ബിജെപി അനുകൂലികൾക്ക് പുറമേ എം പി ഡീൻ കുര്യാക്കോസിൻറെ പേരിൽ വേണമെങ്കിൽ കോൺഗ്രസുകാർക്കും അഭിമാനിക്കാം. ഒത്തുപിടിച്ചാൽ മല മാത്രമല്ല അരിക്കൊമ്പനും പോരും എന്നാണല്ലോ?!
അതേസമയം ഇതൊന്നും അറിയാതെ ഗജപോക്കിരിയായ അരിക്കൊമ്പൻ ശാന്തനായി പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ആനയുടെ നീക്കങ്ങൾ ജിപിഎസ് കോളറിൽനിന്നു ലഭിക്കുന്ന സിഗ്നൽ വഴി വനപാലകർ നിരീക്ഷിക്കുന്നുണ്ട്. ഒന്നര കിലോമീറ്ററിലധികം സഞ്ചാരപാത ആന പിന്നിട്ടു എന്നാണ് ആദ്യവിവരങ്ങൾ. സീനിയർഓട ഭാഗത്താണ് ആന ഇപ്പോഴുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. മയക്കം വിട്ട ആന ഊർജസ്വലനായി എന്നും ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്പൻ ഇണങ്ങിത്തുടങ്ങിയെന്നും വിവരമുണ്ട്.