ചെന്നൈ: വിമാനത്താവളത്തിലെ തിയറ്ററില്‍ സിനിമ കണ്ടശേഷം യുവതി കെട്ടിടത്തില്‍നിന്നു ചാടി മരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെന്നൈ വിമാനത്താവളത്തിനു സമീപമുള്ള പൊളിച്ചാലൂര്‍ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടില്‍ പുതുതായി ആരംഭിച്ച എയ്‌റോഹബ് മള്‍ട്ടിപ്ലെക്‌സ് തിയറ്ററില്‍ രണ്ടു മക്കളോടൊപ്പമാണ് ഐശ്വര്യ എത്തിയത്. സിനിമ കാണുന്നതിനിടെ ശൗചാലയത്തില്‍ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം ആറു നില കാര്‍ പാര്‍ക്കിങ്ങിന്റെ നാലാം നിലയില്‍നിന്നു ചാടുകയായിരുന്നു.
റോഡില്‍നിന്ന ചിലര്‍ ഐശ്വര്യ ചാടുന്നതു കണ്ട് ബഹളംവച്ചെങ്കിലും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് അമ്മയെ തിരഞ്ഞുനടന്ന മക്കളെ പോലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭര്‍ത്താവ് ബാലാജി യു.എസിലാണ്. ആത്മഹ്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.