KeralaNEWS

മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ തൃശൂര്‍ പൂരവും മാറുകയാണ്… മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോള്‍ അവ തുന്നിച്ചേര്‍ക്കാന്‍ ഇത്തവണ പെണ്‍കൈകളുമുണ്ട്…

തൃശൂർ: പൂരം എന്ന് പറഞ്ഞാൽ അത് പുരുഷാരത്തിൻറെ ആഘോഷം എന്നാണ് വെപ്പ്. പൂരത്തിൻറെ സകല ഒരുക്കത്തിലും ആദ്യാവസാനം ആൺകോയ്മയാണ് കാണാൻ കഴിയുക. ആനപ്പുറത്ത് കയറി വെഞ്ചാമരം ആലവട്ടം വീശലായാലും പ്രസിദ്ധമായ കുടമാറ്റത്തിന് കുട ഉയർത്തുന്നതായാലും വെടിക്കെട്ട് ആയാലും മേളമായാലും എല്ലാം പുരുഷ മേധാവിത്വം. ഇവയെല്ലാം ഉണ്ടാക്കുന്നതും പുരുഷന്മാർ തന്നെ. എന്നാൽ മാറ്റമില്ലാത്തത് മാറ്റത്തിന് എന്ന് പറഞ്ഞപോലെ പൂരവും മാറുകയാണ്. വനിതകൾ പല രംഗത്തേക്കും എത്തുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കഴിഞ്ഞ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വെടിക്കെട്ട് ഒരുക്കിയത് ഒരു വനിതയായിരുന്നു, ഷീന… തൃശൂർ പൂരത്തിൻറെ 225 വർഷ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു ഇത്. അതി​ന്റെ ചുവടു പിടിച്ച് ഇതാ കൂടുതൽ വനിതകൾ രംഗത്തേക്ക്.

പൂരത്തിന് മുത്തുകുടകളും ആലവട്ടവും വെഞ്ചാമരവും അണിയറയിലൊരുങ്ങുമ്പോൾ ഇത്തവണ പെൺകൈകളുണ്ട് കുടകളിൽ മിനുക്കുപണികൾ തുന്നിച്ചേർക്കാൻ. പുരുഷന്മാർ വാണിരുന്ന ചമയ പണിപ്പുരയിലെത്തിയ സന്തോഷത്തിലാണ് ഫാഷൻ ഡിനൈസർമാരായ വിനീതയും സ്‌നേഹയും നജ്മയും. ഇവരാണ് പാറമേക്കാവ് വിഭാഗത്തിനായി വർണനൂലു നെയ്യുന്നത്. കുടകളുടെ തണ്ടിൽ അലങ്കാരപ്പണികൾ ചെയ്യുന്ന ഇവർക്ക് ഉടനെ കുടനിർമാണ ചുമതലയും നൽകും. ആദ്യമായാണ് വനിതകൾ ഈ രംഗത്തെത്തുന്നത്.

Signature-ad

സമസ്തമേഖലയിലും വനിതകളുടെ ചുവടുവെയ്പ്പുണ്ടാകുമെന്ന് അടിവരയിട്ടാണ് ഫാഷൻ ഡിസൈനിങ് പഠനം പൂർത്തിയാക്കിയ യുവതികൾ പുതിയ വെല്ലുവിളി നെഞ്ചേറ്റുന്നത്. രണ്ടുവർഷമായി അലങ്കാരതുന്നൽ പണികളിലേർപ്പെട്ടിരുന്ന സ്‌നേഹയ്ക്ക് കുടനിർമാണത്തിലും നിറഞ്ഞ ആത്മവിശ്വാസമാണ്. നജ്മയ്ക്ക് തുടക്കത്തിലെ ആശങ്ക മാറിയതോടെ നിർമാണപ്രവൃത്തികൾക്ക് വേഗമേറി. കുടകളുടെ പാനലുകളും ഇവർ അനായാസമായി കൈകാര്യം ചെയ്യും. ഒരാഴ്ച്ചയായി ഇരുവരും പാറമേക്കാവ് അഗ്രശാലയിലെ നിർമാണകേന്ദ്രത്തിൽ സജീവമാണ്. കുടശീലകൾ ഞൊറിഞ്ഞെടുത്ത് ക്രമത്തിലാക്കി കൈ കൊണ്ടു തുന്നിപ്പിടിപ്പിക്കുന്ന രീതിയാണ്. ഞൊറി വിടർത്തുമ്പോൾ ചുളിവുകളില്ലാതെ കുട വിടരണം. ചെറിയ ചുളിവ് വന്നാൽ അത് എടുത്തുകാട്ടും. അതീവശ്രദ്ധയോടെയാണ് നിർമാണമെന്ന് ദീർഘകാലമായി കുടനിർമാണത്തിനു നേതൃത്വം നൽകുന്ന വസന്തൻ കുന്നത്തങ്ങാടി പറഞ്ഞു.

ഒരു കുട നിർമിക്കാൻ രണ്ടുദിവസമെങ്കിലുമെടുക്കും. 44 വർഷമായി വസന്തൻ പാറമേക്കാവിനായി രംഗത്തുണ്ട്. രണ്ടുമാസം മുമ്പ് രാപ്പകൽ പണികളാണ്. 22 പേരാണുള്ളത്. 15 ആനകളാണ് ഒരു വിഭാഗത്തിൽ അണിനിരക്കുക. കൊമ്പന്മാരുടെ അഴകിനു അലുക്കിടാൻ ആനപ്പുറമേറുക 40 സെറ്റിലധികം കുടകളാണ്. 600 ൽ പരം കുടകൾ നിർമിക്കണം. കോലമേന്തുന്ന ആനയ്ക്ക് പ്രത്യേക കുടകളാണ് ഒരുക്കുക. പുറമേ സ്‌പെഷൽ കുടകളും അണിയറയിൽ സജ്ജീകരിക്കുന്നുണ്ട്.

Back to top button
error: