ദില്ലി: എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ വ്യക്തികൾക്ക് ഉയർന്ന പെൻഷനുകൾക്കായി അപേക്ഷിക്കാൻ ശേഷിക്കുന്നത് ഒരാഴ്ച മാത്രം. ജീവനക്കാരും തൊഴിലുടമയും സമർപ്പിച്ച വിവരങ്ങളുടെയും വേതന വിശദാംശങ്ങളുടെയും സൂക്ഷ്മപരിശോധനയ്ക്കായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പുതിയ വിശദാംശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഇപിഎഫ്ഒ പുറത്തിറക്കിയ സർക്കുലർ പ്രകാരം അപേക്ഷകളും ഉയർന്ന പെൻഷനുള്ള സംയുക്ത ഓപ്ഷനുകളും ഫീൽഡ് ഓഫീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തൊഴിലുടമകൾ സമർപ്പിച്ച വേതന വിവരങ്ങൾ ഫീൽഡ് ഓഫീസുകളിൽ ലഭ്യമായ ഡാറ്റ ഉപയോഗിച്ച് പരിശോധിക്കും. ഇപിഎസ് പ്രകാരം ഉയർന്ന പെൻഷനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മെയ് 3 ആണ്.
ഉയർന്ന പെൻഷന് എങ്ങനെ അപേക്ഷിക്കാം
- യോഗ്യരായ എല്ലാ ജീവനക്കാരും ഇപിഎഫ്ഒ പോർട്ടലിൽ ആവശ്യമായ രേഖകളോടൊപ്പം ഒരു അപേക്ഷ സമർപ്പിക്കണം.
- യുഎഎൻ അംഗമായ ഇ-സേവ പോർട്ടലിൽ (https://unifiedportal-mem.epfindia.gov.in/memberinterface/) ലിങ്ക് ആക്സസ് ചെയ്യാൻ കഴിയും.
- അപേക്ഷ ഇപിഎഫ്ഒ ഓഫീസർ സമർപ്പിച്ചതിന് ശേഷം തൊഴിലുടമ സ്ഥിരീകരിക്കും.
- എല്ലാ വിശദാംശങ്ങളും ശരിയാണെങ്കിൽ, കുടിശ്ശിക കണക്കാക്കുകയും കുടിശ്ശിക കൈമാറുന്നതിനുള്ള ഒരു ഓർഡർ നൽകുകയും ചെയ്യും.
- പൊരുത്തക്കേട് ഉണ്ടായാൽ, ഇപിഎഫ്ഒ അത് തൊഴിലുടമയെയും ജീവനക്കാരനെയും അറിയിക്കുകയും അവർക്ക് വിവരങ്ങൾ പൂർത്തിയാക്കാൻ ഒരു മാസത്തെ സമയം നൽകുകയും ചെയ്യും
വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് ജീവനക്കാർ ഉയർന്ന പിഎഫ് പെൻഷനുള്ള ഉത്തരവ് നേടിയെടുത്തത്. നിലവിൽ പിഎഫ് പെൻഷൻ പദ്ധതിയിൽ 5,33,166 വിരമിച്ച ജീവനക്കാരുണ്ട്. 6,79,78,581 ഓളം പേർ പദ്ധതിയിൽ തുടരുന്നുമുണ്ട്. വിരമിച്ച ജീവനക്കാരിൽ പകുതിയിലധികം പേർക്കും കുറഞ്ഞ തുകയാണ് നിലവിൽ പെൻഷനായി ലഭിക്കുന്നത്.