IndiaNEWS

പോലീസുകാരെ കൈയേറ്റം ചെയ്തു; ആന്ധ്ര മുഖ്യന്റെ സഹോദരി തെലങ്കാനയില്‍ അറസ്റ്റില്‍

ഹൈദരാബാദ്: പ്രതിഷേധസമരത്തിനിടെ പോലീസുദ്യോഗസ്ഥരെ കയ്യേറ്റംചെയ്ത വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്. ശര്‍മിളയെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു.

തെലങ്കാന സ്റ്റേറ്റ് പബ്ലിക് കമ്മിഷന്‍ നടത്തിയ പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള പ്രതിഷേധത്തിനായി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ (എസ്ഐടി) ആസ്ഥാനത്തേക്ക് തിങ്കളാഴ്ച പോകുന്നതിനിടെയാണ് ശര്‍മിളയെ പോലീസ് സംഘം തടഞ്ഞത്. എസ്ഐടി ഓഫീസ് പരിസരത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ശര്‍മിള സഞ്ചരിച്ച കാര്‍ പോലീസ് തടയുന്നത് വീഡിയോദൃശ്യങ്ങളില്‍ വ്യക്തമാണ്.

Signature-ad

വാഹനം തടഞ്ഞുനിര്‍ത്തിയ ശേഷം ഒരു പോലീസുദ്യോഗസ്ഥന്‍ വാഹനത്തിന്റെ ഡ്രൈവറെ ബലമായി പുറത്തിറക്കുന്നതും തൊട്ടുപിന്നാലെ കാറില്‍നിന്ന് പുറത്തിറങ്ങുന്ന ശര്‍മിള പോലീസുദ്യോഗസ്ഥന് അരികിലെത്തി അയാളെ അടിക്കുന്നതും മറ്റൊരു വീഡിയോയില്‍ കാണാം.

തുടര്‍ന്ന് ശര്‍മിള പ്രതിഷേധത്തിലെന്ന പോലെ നിലത്തിരിക്കുന്നതും അല്‍പസമയത്തിനുശേഷം പോലീസുകാര്‍ നിര്‍ബന്ധിച്ച് എഴുന്നേല്‍പിക്കുന്നതും ശര്‍മിള നടന്നുനീങ്ങുന്നതും വീഡിയോയിലുണ്ട്. നടക്കുന്നതിനിടെ ശര്‍മിള പോലീസുദ്യോഗസ്ഥരെ തള്ളിമാറ്റുകയും അവരോട് കയര്‍ക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് ഒരുസംഘം പോലീസുകാര്‍ ശര്‍മിളയെ ബലം പ്രയോഗിച്ച് തടയുകയും അവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് തെലങ്കാനയില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. കേസില്‍ ഇതിനോടകം പതിനൊന്ന് പേര്‍ അറസ്റ്റിലാകുകയും മൂന്ന് പരീക്ഷകള്‍ റദ്ദാക്കുകയും ചെയ്തു. ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരേ കഴിഞ്ഞ മാസം ഹൈദരാബാദില്‍ നടന്ന പ്രതിഷേധത്തിനിടെയും ശര്‍മിളയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: