തിരുവനന്തപുരം: കോടികൾ മുടക്കിയ എഐ ക്യാമറ ഇടപാടിലെ ഉപകരാര്‍ പൂര്‍ണ്ണമായും മന്ത്രിസഭയെ ഇരുട്ടിൽ നിര്‍ത്തിയാണ് ഒപ്പുവെച്ചത്. സ്വകാര്യ കമ്പനിയുമായി കെൽട്രോൺ ഉണ്ടാക്കിയ കരാറും സ്വകാര്യ കമ്പനി ഏര്‍പ്പെട്ട ഉപകരാറും മന്ത്രിസഭയിൽ നിന്ന് ഗതാഗത വകുപ്പ് മറച്ചുവച്ചു. കെൽട്രോണ്‍ ഉപകരാര്‍ നൽകിയ എസ്ആര്‍ഐടിക്ക് ഊരാളുങ്കലുമായി ബന്ധമുണ്ടെന്നും കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്കു കമ്പനികള്‍ കോടികളുടെ അഴിമതി നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
റോഡുകളിൽ ആര്‍ട്ടിഫിഷ്യൽ ഇന്റലിജൻസ് നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നതിന് പിന്നിലെ സ്വകാര്യ പങ്കാളിത്തം വൻ വിവാദമായിരിക്കെയാണ്, കരാര്‍ വിശദാംശങ്ങളും സര്‍ക്കാര്‍ തീരുമാനങ്ങളിലെ പൊരുത്തക്കേടുകളും പുറത്ത് വരുന്നത്. കെൽട്രോൺ കൺസക്ൾട്ടൻസിയാകണമെന്നും ഉപകരണങ്ങൾ സര്‍ക്കാര്‍ നേരിട്ട് വാങ്ങിയാൽ മതിയെന്നുമുള്ള ധനവകുപ്പ് നിര്‍ദ്ദേശം അട്ടിമറിച്ചത് ഗതാഗത വകുപ്പ്. 232 കോടി രൂപയുടെ പദ്ധതി മന്ത്രിസഭായോഗത്തിന്റെ പരിഗണനക്ക് വന്നപ്പോഴും എസ്ആര്‍ഐടിക്ക് കരാര്‍ നൽകിയതടക്കം വിവരങ്ങൾകെൽട്രോൺ മറച്ചു വച്ചു. സ്വകാര്യ കമ്പനിക്ക് നൽകിയ കരാര്‍ മാത്രമല്ല പദ്ധതി നടത്തിപ്പിന് വേണ്ടി സ്വകാര്യ കമ്പനി നൽകിയ ഉപകരാറുകൾ വരെ ഇപ്പോൾ സംശയത്തിന്റെ നിഴലിലുമാണ്.
റോഡപകടം കുറയ്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ഥതി വഴി പ്രതീക്ഷിക്കുന്നത് 5 വര്‍ഷം കൊണ്ട് 424 കോടിരൂപ വരുമാനം. അതിൽ കെൽട്രോണിന് കിട്ടുന്നത് 232 കോടിയാണെന്നും ബാക്കി 188 കോടി സര്‍ക്കാരിലേക്കെത്തുമെന്നും മന്ത്രിസഭായോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. എഐ ക്യാമറ സ്ഥാപിക്കുന്നതിന് കെൽട്രോണുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല , കേരളത്തിന്റെ അഭിമാന പദ്ധതിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കെ ഫോണിന്റെ എംഎസ്പിയും എസ്ആര്‍ഐടിയാണ്. സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടപ്പാക്കുന്ന വൻകിട പദ്ധതികളെല്ലാം എങ്ങനെ കൃത്യമായി ഇതേ കമ്പനിയുടെ കയ്യിലെത്തുന്നു എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.