തിരുവനന്തപുരം: കെഎസ്യു സംസ്ഥാന കമ്മിറ്റിയിൽ നിന്ന് 12 ഭാരവാഹികൾ ഒഴിയും. പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമാണ് രാജിവയ്ക്കുക. കെപിസിസിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ എൻഎസ്യു നേതൃത്വം രാജി ആവശ്യപ്പെടും. ഇതിനിടെ രണ്ട് സംസ്ഥാന വൈസ് പ്രസിഡൻറുമാർ രാജിക്കത്ത് നൽകി.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കെഎസ്യു ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന പരാതിയുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചത് കെപിസിസി പ്രസിഡൻറ് കെ സുധാകരനാണ്. പട്ടിക മരവിപ്പിക്കണമെന്ന അഭിപ്രായം രാഷ്ട്രീയകാര്യസമിതിയിലും ഉയർന്നു. തുടർന്നാണ് കേന്ദ്രനേതൃത്വത്തിൻറെ ഇടപെടൽ. വിവാഹം കഴിഞ്ഞ ഏഴ് ഭാരവാഹികളും പ്രായപരിധി പിന്നിട്ട അഞ്ചുപേരും ഒഴിയണമെന്നാണ് തീരുമാനം.
ഔദ്യോഗിക അറിയിപ്പ് എത്തും മുമ്പെ രാജി തുടങ്ങി. സംസ്ഥാന ഉപാധ്യക്ഷന്മാരായ വിശാഖ് പത്തിയൂരും അനന്തനാരായണനുമാണ് ഇന്ന് രാജിക്കത്ത് നൽകിയത്. സംഘടനയ്ക്കുള്ളിൽ തർക്കങ്ങളുണ്ടാക്കി തുടരാൻ താൽപര്യമില്ലെന്നാണ് കത്തിൽ വിശദീകരിക്കുന്നത്. വിവാഹിതരായതിൻറെ പേരിൽ ഒഴിയേണ്ടിവരുന്ന ഏഴുപേരിൽ ട്രാൻസ്ജൻറർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള അരുണിമ സുൽഫിക്കറുമുണ്ട്. പ്രായപരിധിയായ 27 വയസ് പിന്നിട്ടവരിൽ സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവിയറിന് മാത്രമാണ് എൻഎസ്യു നേതൃത്വം ഇളവ് നൽകിയത്.
ഒഴിയുന്ന 12 ഭാരവാഹികൾക്ക് പകരം ആരൊക്കെ എന്നിടത്താവും അടുത്ത തർക്കം. ഗ്രൂപ്പ് വീതംവെപ്പിലെ പരാതിയുമായി ഐ ഗ്രൂപ്പും കെ.സുധാകരൻ പക്ഷവും ഇപ്പോൾ തന്നെ നിസഹകരണത്തിലാണ്. ആറുവർഷത്തിനുശേഷം നടന്ന പുനസംഘടനയുടെ പേരിലാണ് സംഘടനയിൽ അടി തുടരുന്നത്.