”സത്യം പറഞ്ഞവർക്ക് വെടിയുണ്ട, വഴി കാട്ടിയവർക്ക് കുരിശ്, പട്ട് സമ്മാനിച്ചവർക്ക് വെട്ട്” എന്ന മഹത് മൊഴി ഒരോ ദിവസവും ഇന്ത്യയിൽ അന്വർത്ഥമാവുകമാണ്. പുൽവാമയിൽ 49 സൈനികരുടെ മരണത്തിന് കളമൊരുക്കിയ ചാവേർ ആക്രമണം ആസൂത്രിതമായി സംഘടിപ്പിച്ചതാണെന്ന സംശയം അക്കാലത്തു തന്നെ ചിലരൊക്കെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ആ ദുരൂഹത വാനോളം വർധിപ്പിച്ച് അന്നത്തെ ജമ്മു-കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മലിക്കിൻ്റെ സുവ്യക്തമായ അഭിപ്രായം പുറത്തുവന്നിരിക്കുന്നു. കാർഗിൽ യുദ്ധവും തുടർന്നുണ്ടായ ശവപ്പെട്ടി കുംഭകോണവും ഇന്ത്യക്കാരുടെ ഓർമ്മയിലുണ്ട്. തെരഞ്ഞെടുപ്പ് ജയിക്കാൻ ലക്ഷ്യമിട്ട് നടത്തപ്പെട്ട “കടുംകൈകളാ”യിരുന്നോ അവയെല്ലാം? നീതിപൂർവ്വമായ അന്വേഷണം നടന്നാലേ സത്യം പുറത്ത് വരൂ. മരിച്ച ജവാൻമാരുടെ പ്രിയപ്പെട്ടവർ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് രംഗത്തുവന്നതും ശ്രദ്ധേയമാണ്.
പ്രതിരോധ മന്ത്രാലയം വിമാനം നിഷേധിച്ചതാണ് പുൽവാമയിൽ 49 പട്ടാളക്കാരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് കാരണമെന്ന തൻ്റെ നിലപാട് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോൾ “നീ അതാരോടും മിണ്ടേണ്ട” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണമെന്ന സത്യപാൽ മലിക്കിൻ്റെ തുറന്നുപറച്ചിൽ വലിയ കോളിളക്കമാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. മലിക്കിൻ്റെ പ്രസ്താവനക്കെതിരെ ഒരക്ഷരം പ്രധാനമന്ത്രിയോ പ്രതിരോധമന്ത്രിയോ ആഭ്യന്തരമന്ത്രിയോ മിണ്ടിയിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമൊക്കെ രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ള പ്രധാനമന്ത്രി പുലർത്തുന്ന അർത്ഥഗർഭമായ മൗനം സംശയം ഇരട്ടിപ്പിക്കുകയാണ്.
വിവാദമായ തൻ്റെ പരാമർശത്തിൽ വിശദ മൊഴി എടുക്കാനല്ല സത്യപാൽ മലിക്കിനെ സി.ബി.ഐ വിളിപ്പിച്ചിരിക്കുന്നത്. ജമ്മുകാശ്മീരിലെ സർക്കാർ ജീവനക്കാരുടെ ഇൻഷൂറൻസ് പദ്ധതി നടത്തിപ്പ് അനിൽ അംബാനിയുടെ കമ്പനിക്ക് കൈമാറാൻ തനിക്ക് 300 കോടി രൂപ കോഴ വാഗ്ദാനം ചെയ്തുവെന്ന 2021 ഒക്ടോബറിൽ മലിക്ക് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സി.ബി.ഐ അദ്ദേഹത്തോട് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. സത്യം പറയുന്നവരുടെ വായടപ്പിക്കാനുള്ള ഉപകരണങ്ങളായി സി.ബി.ഐ ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ മാറുന്നുവെന്ന ശക്തമായ ആക്ഷേപം നിലനിൽക്കെയാണ് അതിനെ ബലപ്പെടുത്തുന്ന ഉത്തരം നടപടികൾ.
ഇന്ത്യയിൽ നടന്ന ഏതാണ്ടെല്ലാ ഭീകരാക്രമണങ്ങളും ഏതെങ്കിലും തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തിലായതിൻ്റെ കാരണമെന്താകും? രാജ്യം സംഘ്പരിവാരങ്ങൾ തന്നെ ഭരിക്കണമെന്ന് “ഭീകരവാദികൾ”ക്ക് എന്താണിത്ര നിർബന്ധം? തെരഞ്ഞെടുപ്പുകളുടെ പശ്ചാതലത്തിൽ പൊട്ടുന്ന വല്ല ബോംബും ആരെങ്കിലും ഇന്ത്യയിൽ കണ്ടുപിടിച്ചിട്ടുണ്ടോ? കോഴിക്കോട് എലത്തൂരിൽ ട്രൈൻ ദുരന്തത്തിന്, ഒരു വിളിപ്പാടകലെ എത്തി നിൽക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പുമായി വല്ല ബന്ധവുമുണ്ടോ?
സാക്കിർ നായിക്കിൻ്റെ പ്രസംഗം കേട്ട് ആവേശം കൊണ്ടാണ് സൈഫി ട്രൈനിൽ തീയ്യിട്ടതെങ്കിൽ എന്തിനാണ് അയാൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടെത്തി കൃത്യം നിർവ്വഹിച്ചത്? സംഭവത്തിൽ മരിച്ചത് മറ്റേതെങ്കിലും മതത്തിൽ പെട്ടവരായിരുന്നെങ്കിൽ അതിൻ്റെ മറപിടിച്ച് കോഴിക്കോട്ട് വല്ല കലാപത്തിനും തീയ്യിടലിൻ്റെ ആസൂത്രകർ പദ്ധതി ഇട്ടിരുന്നോ? അതിലൂടെ കേരളത്തിലെ മതസൗഹാർദ്ദത്തിൻ്റെ കടക്ക് കത്തിവെക്കാൻ തൽപ്പര കക്ഷികൾക്ക് ഉദ്ദേശമുണ്ടായിരുന്നോ? ഏറ്റവും ലാഭകരമായ വ്യാപാരമായി ലോക കമ്പോളത്തിൽ “ഭീകരവാദം” മാറിയ കാലത്ത്, പലതും കണക്കുകൂട്ടി സൈഫിയെ വല്ല “തെരഞ്ഞെടുപ്പ് ഇവൻ്റ് മാനേജ്മെൻ്റു”കളും വിലക്കെടുത്തതാകുമോ?
ഈ ചോദ്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥരുടെ സ്മൃതിപഥങ്ങളിൽ തെളിഞ്ഞ് വരണം. ഗോധ്രയിലെ തീവണ്ടി ദുരന്തവും അനുബന്ധ കലാപങ്ങളും രാജ്യത്തിന് മറക്കാൻ കഴിയാത്ത ദുരന്തമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊട്ടുകയും ചിലർക്ക് വലിയ രാഷ്ട്രീയ ലാഭം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്ന “ഭീകര-ചാവേർ ബോംബ്”ഇനി ഇന്ത്യയിൽ പൊട്ടരുത്. അതിനായി രാജ്യസ്നേഹികൾ ഒന്നടങ്കം രംഗത്ത് വരണം.