ഇടുക്കി: അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്ന് നടത്താനിരുന്ന വിദഗ്ധ സമിതി യോഗം മാറ്റിവെച്ചു. അസൗകര്യങ്ങളെ തുടർന്നാണ് തീരുമാനം. അടുത്ത ദിവസം തന്നെ ഓൺലൈൻ ആയി യോഗം ചേരും. ഇടുക്കിയിലെ ചിന്നക്കനാലിൽ നിന്നും മയക്കു വെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന കാര്യം ആലോചിക്കാൻ ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ യോഗമാണ് മാറ്റിയത്. ഓൺലൈനായി ഇന്ന് യോഗം നടത്താനായിരുന്നു തീരുമാനം.
പറമ്പിക്കുളത്തേക്ക് മാറ്റാനാണ് മുൻപ് വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ മറ്റേതെങ്കിലും സ്ഥലമുണ്ടെങ്കിൽ വിദഗ്ദ്ധസമിതിയെ അറിയിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. സ്ഥലപ്പേരുകൾ മുദ്ര വച്ച കവറിൽ സർക്കാർ കൈമാറിയിട്ടുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളാണ് അടുത്ത ദിവസത്തെ യോഗത്തിൽ നടക്കുക.
വിദഗ്ദ്ധ സമിതി അംഗീകരിച്ചാൻ കോടതി അനുമതിക്ക് കാത്തു നിൽക്കാതെ അരിക്കൊമ്പനെ പിടിച്ചു മാറ്റാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അമിക്കസ്ക്യൂറി അഡ്വ. രമേഷ് ബാബു, വംനവകുപ്പ് സിസിഎഫ് മാരായ ആർ എസ് അരുൺ, പി പി പ്രമോദ്, കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ. പി എസ് ഈസ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് ചീഫ് വെറ്ററിനേറിയനുമായ ഡോക്ടർ എൻ വി കെ അഷ്റഫ് എന്നിവരാണ് സമതി അംഗങ്ങൾ.