ദില്ലി: സംസ്ഥാനത്തെ മന്ത്രിമാരുടെയും ചീഫ് വിപ്പിൻറെയും പ്രതിപക്ഷ നേതാവിൻറെയും പഴ്സണൽ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. കേരളത്തിൽ നിന്നുള്ള ആന്റി കറപ്ഷൻ പീപ്പിൾസ് മൂവ്മെന്റ് എന്ന സംഘടനയാണ് കോടതിയിൽ ഹർജി നൽകിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ പേഴ്സണൺ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നൽകാനുള്ള ചട്ടം ഭരണഘടന വിരുദ്ധമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ഈ രീതിയിലാണോയെന്ന് കോടതി ചോദിച്ചു. ഗുജറാത്തിൽ പഴ്സണൽ സ്റ്റാഫ് നിയമനം നടത്തുന്നത് സമാന രീതിയിലാണെന്നും ഇവർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞു. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കേരളത്തിൽ പഴ്സണൽ സ്റ്റാഫുകളുടെ നിയമനം നടത്തിയതെന്ന് ഹർജിക്കാർക്കായി അഭിഭാഷകരായ കെ. ഹരിരാജും, എ. കാർത്തിക്കും കോടതിയെ അറിയിച്ചു.
മാത്രമല്ല കാലാകാലങ്ങളായി പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ കിട്ടുന്നുണ്ടെന്നും അഭിഭാഷകർ വ്യക്തമാക്കി. തുടർന്നാണ് ഹർജിയിൽ വിശദമായ വാദം കേൾക്കാൻ ജസ്റ്റിസ് അജയ് റസ്തോഗി, ജസ്റ്റിസ്ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനിച്ചത്. കേരളത്തിൽ പഴ്സണൽ സ്റ്റാഫുകളുടെ നിയമനം സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഹർജിയിൽ സുപ്രീം കോടതി എടുക്കുന്നു തീരുമാനം സർക്കാരിനും ഏറെ നിർണ്ണായകമാണ്.