ദില്ലി: എസ്.എൻ ട്രസ്റ്റ് ബൈലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശനും എസ് എൻ ട്രസ്റ്റും നൽകിയ ഹർജിയിൽ വിശദവാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനം. ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് സഞ്ജയ് കരോൾ എന്നിവിരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. വഞ്ചനാ കേസുകളിലും ട്രസ്റ്റിന്റെ സ്വത്ത് സംബന്ധമായ കേസുകളിലും ഉൾപ്പെട്ടവർ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കുറ്റവിമുക്തരാകുന്നത് വരെ ട്രസ്റ്റ് ഭാരവാഹിയായി തുടരാൻ പാടില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
നടപടി സ്വഭാവിക നീതിയുടെ നിഷേധമാണെന്നും ജനപ്രതിനിധികൾക്ക് പോലും ഈ നിബന്ധന ബാധകമല്ലെന്നും വെള്ളാപ്പളി നടേശനായി മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അഭിഭാഷകൻ രാജൻ ബാബു എന്നിവർ വാദിച്ചു. തുടർന്നാണ് ഹർജി വിശദമായി പരിഗണിക്കാൻ അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. എസ് എൻ ട്രസ്റ്റിനായി അഭിഭാഷകൻ റോയ് എബ്രാഹം ഹാജരായി. എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നേരത്തെ ബൈലോയിൽ ഭേദഗതികൾ വരുത്തിയത്.