ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യൻ റെയിൽവേയ്ക്ക് റെക്കോഡ് വരുമാനം. 2022- 23 സാമ്പത്തിക വർഷം 2. 40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയിൽവേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 49,000 കോടി രൂപ അധികമാണിത്. തൊട്ടുമുമ്പത്തെ വർഷത്തേക്കാൾ 25 ശതമാനമാണ് വരുമാനത്തിലെ വളർച്ച. 63,300 കോടി രൂപയാണ് യാത്രക്കാരിൽ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളർച്ചയാണിത്.
61 ശതമാനമാണ് കഴിഞ്ഞ വർഷമുണ്ടായ വളർച്ചാനിരക്ക്. ചരക്ക് സേവനത്തിൽനിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം അധികമാണിത്. 2021-22 സാമ്പത്തിക വർഷം 39,214 കോടി രൂപയാണ് യാത്രാക്കാരിൽനിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വർഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വർഷത്തെ മൊത്തം ചെലവ്. മുൻവർഷമിത് 2,06,391 കോടി രൂപയായിരുന്നു.