ചെന്നൈ: സുപ്രീംകോടതിയുടെ അനുമതിക്ക് പിന്നാലെ തമിഴ്നാട്ടിലെ 45 ഇടങ്ങളില്‍ കനത്ത പൊലീസ് സുരക്ഷയില്‍ ആര്.എസ്.എസ് റൂട്ട് മാര്‍ച്ച് നടത്തി.ഞായറാഴ്ചയായിരുന്നു റൂട്ട് മാർച്ച്.ചെന്നൈ, മധുര, കാഞ്ചീപുരം, ചെങ്കല്‍പേട്ട് തുടങ്ങിയയിടങ്ങളില്‍ നടന്ന സമാപന യോഗങ്ങളില്‍ കേന്ദ്ര സഹമന്ത്രി എല്‍. മുരുകന് ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.
സർക്കാരിന്റെ നിലപാടുകൾക്കെതിരെ ആര്.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് ഏപ്രില്‍ 11ന് സുപ്രീംകോടതി ശരിവെച്ചതിനെ തുടർന്നായിരുന്നു റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.
അതേസമയം, റൂട്ട് മാര്‍ച്ച് സ്ഥിരം പരിശീലനത്തിന്റെ ഭാഗമാണെന്നും ഹിന്ദുസമൂഹത്തിന് സംഘടിതമായും അച്ചടക്കത്തോടെയും സമയനിഷ്ഠയോടെയും ഒരുമിച്ചു നടക്കാന്‍ കഴിയുമെന്ന് പൊതുജനങ്ങളില്‍ ആത്മവിശ്വാസം വളര്ത്താനാണിതെന്നും ആര്.എസ്.എസ് നേതാക്കൾ അറിയിച്ചു.