ചോറില്ലാതെയൊരു ജീവിതം മലയാളികൾക്ക് ആലോചിക്കാനേ സാധിക്കില്ല.എന്നാൽ കേരളത്തിൽ ഇത്രകണ്ട് പ്രമേഹരോഗികൾ വർധിക്കുന്നതിന് കാരണവും മറ്റൊന്നല്ല.55-56% അന്നജം മാത്രം ആവശ്യമുള്ള നമ്മൾ 80 ശതമാനത്തോളം അന്നജം ഇത്തരത്തിൽ ദിവസവും അകത്താക്കുന്നു.അതിന്റെ 60 ശതമാനവും ചോറായിരിക്കുകയും ചെയ്യും.അതായത് ഒരു ദിവസത്തെ ആകെ കാലറിയുടെ പകുതിയും ഒരു ദിവസം വേണ്ട മുഴുവൻ അന്നജവും നമ്മൾ ചോറിലൂടെ അകത്താക്കുന്നു എന്നർഥം. ചോറിനെ നിയന്ത്രിച്ചാൽത്തന്നെ നമുക്ക് നല്ല ശതമാനം കാലറി നിയന്ത്രിക്കാനാകും.
ചോറു കൂടുതൽ കഴിക്കുന്നതുമൂലം പ്രോട്ടീനും പച്ചക്കറികളും മിക്കവാറും നമ്മുടെ ഭക്ഷണത്തിൽ വേണ്ടത്ര ഉണ്ടാകാറുമില്ല.ഇതുമൂലം മാംസ്യത്തിന്റെയും മിനറലുകളുടേയും കുറവും അനാരോഗ്യവും കൂടപ്പിറപ്പാവുന്നു. മാംസ്യം കുറയുമ്പോൾ പ്രതിരോധശക്തിയും മസിലുകളുടേയും എല്ലുകളുടേയും ശക്തിയും കുറയുന്നു.ഇൻസുലീൻ പ്രവർത്തനം മന്ദഗതിയിലാവുന്നു. ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു.മിനറലുകളുടെ അഭാവത്തിലും ഗ്ലൂക്കോസിന്റെ അപചയം വഴിതെറ്റും.ഇതെല്ലാം പ്രമേഹത്തിനെ വിപരീതമായി ബാധിക്കും.അതുകൊണ്ടുതന്നെ നമ്മുടെ ഉച്ചഭക്ഷണത്തിന്റെ പകുതിയോ അതിൽ കുറവോ മാത്രമേ ചോറ് ഉപയോഗിക്കാവൂ. ബാക്കി പകുതി പച്ചക്കറികളും മാംസ്യവും ചേർന്നതായിരിക്കണം.
ഉച്ചയ്ക്കു തന്നെ ചോറ് ആവശ്യത്തിന് ഉള്ളിൽ ചെല്ലുന്നതുമൂലം ഒരു ദിവസത്തെ അന്നജാവശ്യങ്ങൾ പരമാവധി നിറവേറ്റപ്പെടുന്നു എന്നുള്ളതുകൊണ്ടു രാത്രിഭക്ഷണം ചോറാവാതിരിക്കുന്നതാണ് ഉത്തമം. കുറഞ്ഞ കാലറി മൂല്യവും കൂടുതൽ പോഷക സമൃദ്ധവുമായ ലളിതമായ ഡിന്നർ ആരോഗ്യം നിലനിർത്തുന്നതോടൊപ്പെ നല്ല ഉറക്കവും പ്രദാനം ചെയ്യുന്നു.
അതേപോലെ വെള്ള ചോറ് പ്രമേഹ രോഗികൾക്ക് ഏറെ ദോഷകരമാണെന്ന് പഠനങ്ങൾ വന്നിട്ടുണ്ട്.പതിവായി വെള്ളച്ചോറ് കഴിക്കുന്നത് പ്രമേഹരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ഏഷ്യൻ രാജ്യങ്ങളിലേയും പടിഞ്ഞാറൻ രാജ്യങ്ങളിലേയും ചോറുപയോഗം താരതമ്യം ചെയ്തുള്ള ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു.ഇതു പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണെന്നു കരുതുന്നു. വെള്ള ചോറിന്റെ ഗ്ലൈസീമിക് ഇൻഡക്സ് വളരെ കൂടുതലാണ്. കുത്തരിച്ചോറിന്റെ ഗ്ലൈസീമിക് ഇൻഡക്സ് 58-ഉം വെള്ളച്ചോറിന്റെ 98-ഉം ആണ്.ഇതുമൂലം വെള്ളച്ചോറ് കഴിച്ചുകഴിഞ്ഞാൽ വളരെ പെട്ടെന്നുതന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും. പ്രമേഹം നിയന്ത്രിക്കാൻ സഹായകമായ നാരിന്റെ അംശവും വെള്ളച്ചോറിൽ കുറവാണ്.
പ്രമേഹം, കൊളസ്ട്രോൾ, ശരീരഭാരം കൂടുക, ദഹനപ്രശ്നം, മലബന്ധം…എല്ലാത്തിനും കാരണക്കാരന്‍ ചോറ് തന്നെയാണ്.