കൊച്ചി: ഇന്ത്യയിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച് സുഡാനിൽ ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ട മലയാളി ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യ. ’24 മണിക്കൂർ കഴിഞ്ഞിട്ടും ഫ്ലാറ്റിൽ നിന്ന് മൃതദേഹം മാറ്റാൻ സാധിച്ചിട്ടില്ല. മകളുമായി ഫ്ലാറ്റിന്റെ ബേസ്മെന്റിൽ ഭയന്നു കഴിയുകയാണ്. ആല്ബർട്ടിന്റെ സുഹൃത്തിന്റെ റൂമിലാണ് രാത്രിയിൽ തങ്ങിയത്. എന്നാൽ അവിടെ സുരക്ഷിതമല്ലാത്തതിനാൽ അവിടെനിന്ന് മാറി ഫ്ലാറ്റിന്റെ ബേസ്മെന്റിലാണ് ഇപ്പോൾ കഴിയുന്നത്. വെള്ളം മാത്രമാണ് കുടിച്ച് ഇരിക്കുകയാണ്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ സഹായിക്കണം’ – ആൽബർട്ടിന്റെ ഭാര്യ സൈബല്ല അഭ്യർത്ഥിച്ചു.
അതേസമയം, ആൽബർട്ട് അഗസ്റ്റിന്റെ കുടുംബത്തിന് വേണ്ട സഹായങ്ങൾ ഉറപ്പാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചു. സുഡാനിലുള്ള ആൽബർട്ടിന്റെ കുടുംബം സുരക്ഷിതരാണെന്ന് അറിയിച്ചു എന്നാണ് മന്ത്രി പറയുന്നത്. തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകിയതായി കേന്ദ്രമന്ത്രി അറിയിച്ചു.
ഇന്നലെ രാത്രിയാണ് കലാപത്തിനിടെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആൽബർട്ടിന് വെടിയേറ്റത്. വിമുക്തഭടനായ ആൽബർട്ട് സുഡാനിൽ സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വീടിനുള്ളിൽ ഫോൺ ചെയ്യുന്നതിനിടെയായിരുന്നു ആൽബർട്ടിന് വെടിയേറ്റത്. ഏറ്റുമുട്ടൽ തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്കാരോട് വീടിനുള്ളിൽ തന്നെ തുടരാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു. തുടർക്രമീകരണങ്ങൾക്കായി അഗസ്റ്റിന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എംബസി അറിയിച്ചു.