IndiaNEWS

ബിജെപി വിട്ടെത്തിയ സാവദിക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ്; സിദ്ധരാമയ്യയ്ക്ക് കോലാറില്‍ സീറ്റില്ല

ബംഗളൂരു: ബിജെപി വിട്ടുവന്ന ലക്ഷ്മണ്‍ സാവദിക്ക് ഉള്‍പ്പെടെ സീറ്റ് നല്‍കി കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ഥി പട്ടിക പുറത്ത്. മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ സാവദി അത്തനിയില്‍നിന്ന് ജനവിധി തേടും. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മല്‍സരിച്ചിരുന്ന കോലാര്‍ സീറ്റില്‍ കൊത്തൂര്‍ മഞ്ജുനാഥ് മല്‍സരിക്കും. ആകെ 43 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിച്ചത്. ഇനിയും 15 സീറ്റുകളിലെ സ്ഥാനാര്‍ഥികളെക്കൂടി പ്രഖ്യാപിക്കാനുണ്ട്. മെയ് 10നാണ് കര്‍ണാടക തിരഞ്ഞെടുപ്പ്.

വരുണയില്‍നിന്ന് ജനവിധി തേടുന്ന സിദ്ധരാമയ്യ, കോലാറില്‍നിന്നു കൂടി മത്സരിക്കാന്‍ അനുമതി തേടിയിരുന്നു. ഇതു തള്ളിയാണ് കോലാര്‍ സീറ്റ് കൊത്തൂര്‍ മഞ്ജുനാഥിന് നല്‍കിയത്. സിദ്ധരാമയ്യയെ രണ്ടു സീറ്റുകളില്‍ മത്സരിപ്പിക്കുന്നതിനെ മുതിര്‍ന്ന നേതാക്കളായ ഡി.കെ.ശിവകുമാറും ഡി.പരമേശ്വരയും എതിര്‍ത്തിരുന്നു.

Signature-ad

ഒന്നാംഘട്ട പട്ടികയില്‍ പ്രമുഖ നേതാക്കന്മാരുടെ സീറ്റുകള്‍ പ്രഖ്യാപിച്ചിരുന്നു. സിദ്ധരാമയ്യ വരുണയില്‍ നിന്നും ഡി.കെ. ശിവകുമാര്‍ കനകപുരയില്‍ നിന്നുമാണ് മത്സരിക്കുക. കൊരട്ടഗെരെയില്‍ ജി പരമേശ്വര, ബാബലേശ്വരില്‍ എം.ബി.ഭാട്ടില്‍, ഗാന്ധിനഗറില്‍ ദിനേശ് ഗുണ്ടു റാവുവും മത്സരിക്കും. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖര്‍ഗെ ചിതപുരിലാണ് ജനവിധി തേടുന്നത്.

 

Back to top button
error: