NEWS

ജോലി വാഗ്‌ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങി മലേഷ്യയിലേക്ക് കടത്തിയ യുവാക്കൾ വഴിയാധാരമായി, ഇടുക്കി നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ

  നെടുങ്കണ്ടം: ജോലി വാഗ്ദാനം ചെയ്ത്  മലേഷ്യയിലേക്ക് കടത്തിയ യുവാക്കൾ വഴിയാധാരമായ സംഭവത്തില്‍ ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കുന്നിരുവിളയില്‍ അഗസ്റ്റിന്‍(58) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായവരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തുടര്‍ന്ന് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തി.

വിസ തട്ടിപ്പ് നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മനുഷ്യക്കടത്തിന് കേസെടുക്കുമെന്ന് നെടുങ്കണ്ടം പോലീസ് അറിയിച്ചു. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും പാക്കിംഗ് സെക്‌ഷനുകളിലും ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍നിന്ന് ഒരു ലക്ഷം മുതല്‍ രണ്ടുലക്ഷം രൂപവരെ ഇയാള്‍ കൈപ്പറ്റിയിരുന്നു. തുടര്‍ന്നു വിസ നല്‍കാമെന്ന് പറഞ്ഞ് ഇവരെ മലേഷ്യയ്ക്ക് കടത്തുകയായിരുന്നു.

Signature-ad

തായ്‌ലാന്‍ഡില്‍ എത്തിച്ചശേഷം യുവാക്കളെ കാട്ടിലൂടെ നടത്തിയും കണ്ടെയ്‌നര്‍ ലോറികളിലും ബോട്ടിലുമായാണ് മലേഷ്യയില്‍ എത്തിച്ചത്. തായ്‌ലാന്‍ഡില്‍ എത്തിയപ്പോള്‍തന്നെ തട്ടിപ്പ് മനസിലായെങ്കിലും ഫോണോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിക്കാന്‍ കഴിഞ്ഞില്ല. മലേഷ്യയിലേക്ക് പോയ ആറ് യുവാക്കള്‍ പിന്നീട് ബോട്ട് മാര്‍ഗം തായ്‌ലാന്‍ഡില്‍ തിരിച്ചെത്തി പോലീസില്‍ കീഴടങ്ങിയ ശേഷം ഗവണ്‍മെന്‍റിന്‍റെ സഹായത്തോടെ തിരികെ നാട്ടില്‍ എത്തി.

 ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ തുച്ഛമായ ശമ്പളത്തില്‍ കഠിന ജോലികള്‍ ചെയ്യിക്കുകയാണെന്നും പാസ്പോര്‍ട്ട് അടക്കം പിടിച്ചുവച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് മലേഷ്യന്‍ സര്‍ക്കാരിന്‍റെ സഹായം തേടാനാകുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ടൂറിസ്റ്റ് വിസ പോലും ഇല്ലാതെയാണ് നിലവില്‍ ഇവര്‍ മലേഷ്യയില്‍ കഴിയുന്നത്.

Back to top button
error: