IndiaNEWS

പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗവും, മിന്നലാക്രമണവും ഇനി പഠന വിഷയം; പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ യുപി സര്‍ക്കാര്‍

ലക്നൗ: പുല്‍വാമയിലെ സൈനികരുടെ ജീവത്യാഗവും, ഇന്ത്യ നടത്തിയ മിന്നലാക്രമണവും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ പഠന വിഷയമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ‘ഡിഫന്‍സ് സ്റ്റഡീസ്’ വിഷയത്തിലാണ് ഇവ ഉള്‍പ്പെടുത്തുന്നത്. ഇതിന് പുറമേ മറ്റ് പാഠഭാഗങ്ങളും പരിഷ്‌കരിച്ചിട്ടുണ്ട്.

2020 ലെ ദേശീയ വിദ്യാഭ്യാസ നയ പ്രകാരമാണ് പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം. ത്രേതായുഗ കാലം മുതല്‍ യുദ്ധങ്ങളില്‍ രാജ്യത്തെ വീരപുരുഷന്മാര്‍ നേടിയ വിജയങ്ങളും ഇത് പ്രകാരം പുതുതായി ഉള്‍പ്പെടുത്തും. ഇവയെ എല്ലാം അടിസ്ഥാനമാക്കി പുതിയ പാഠഭാഗങ്ങള്‍ തയ്യാറാക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Signature-ad

അലഹബാദ് സര്‍വ്വകലാശാലയിലെ ‘ഡിഫന്‍സ് സ്റ്റഡീസ്’ വിഭാഗം മേധാവിയും പ്രതിരോധ വിദഗ്ധനുമായ പ്രഫ. പ്രശാന്ത് അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവരാണ് മൂന്നംഗ കമ്മിറ്റിയില്‍ ഉള്ളത്. ഇവര്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതി സര്‍ക്കാരിന് കൈമാറും. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഉടനെ പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കും. അല്ലാത്ത പക്ഷം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തും.

എല്ലാ സര്‍വ്വകലാശാലകളിലും ‘ഡിഫന്‍സ് സ്റ്റഡീസി’ന്റെ പാഠ്യപദ്ധതി 70 ശതമാനവും ഒരേ പോലെയായിരിക്കുമെന്ന് അഗര്‍വാള്‍ പറഞ്ഞു. ബാക്കിയുളള 30 ശതമാനം പാഠഭാഗങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പാഠഭാഗങ്ങള്‍ തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Back to top button
error: