തിരുവനന്തപുരം: ബിഗ്ബോസ് വീട് ഈസ്റ്റർ ദിനത്തിൽ കണ്ടത് സംഘർഭരിതമായ ഒരു എപ്പിസോഡ് ആയിരുന്നു. അതിൻറെ അലയൊലികളാണ് ഈ ആഴ്ചയും തുടരുന്നത് എന്നാണ് ബിഗ്ബോസ് നടത്തിയ വൻ ട്വിസ്റ്റ് തീരുമാനത്തിലൂടെ വ്യക്തമാകുന്നത്. എല്ലാവർക്കും അറിയും പോലെ ഇത്തവണ ക്യാപ്റ്റൻസി ടാസ്കിൽ വിജയിച്ചത് സാഗർ സൂര്യയാണ്. എന്നാൽ ബിഗ് ബോസ് നിശ്ചയിച്ച പുതിയ ക്യാപ്റ്റൻ റെനീഷ റഹ്മാനും.
ക്യാപ്റ്റൻസി മോഹൻലാലിൻറെ മുന്നിൽ നിർത്തി കൈയ്യിൽ ക്യാപ്റ്റൻ ബാൻറ് കെട്ടി ഏറ്റെടുക്കാനായിരുന്നു സാഗർ സൂര്യയ്ക്ക് കിട്ടിയ നിർദേശം. എന്നാൽ ഈസ്റ്റർ ഗെയിം മത്സരത്തിനിടയിൽ സാഗറിനെ ചീത്ത വിളിച്ചുവെന്ന് കാരണത്തിൽ ബാൻറ് കെട്ടാൻ വന്ന അഖിൽ മാരാർ മാപ്പ് പറഞ്ഞാലെ താൻ അത് ധരിക്കൂ എന്നായിരുന്നു സാഗറിൻറെ തീരുമാനം. ഇത് വലിയ വഴക്കിലേക്ക് നീങ്ങി. ഇതോടെ ഈസ്റ്റർ എപ്പിസോഡ് അലങ്കോലമാകുകയും പുതിയ ക്യാപ്റ്റന് ചുമതലയൊന്നും നൽകാതെ മോഹൻലാൽ പോയി.
എന്നാൽ കഴിഞ്ഞ ദിവസം കഴിഞ്ഞ ക്യാപ്റ്റൻ സീ മത്സരത്തിൽ സാഗറിനേക്കാൾ മൂന്ന് പോയിന്റ് മാത്രം കുറവുണ്ടായിരുന്ന റെനീഷയെ ബിഗ് ബോസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ കളിച്ച് നേടിയ ക്യാപ്റ്റൻ സ്ഥാനം സാഗർ കളഞ്ഞു കുളിച്ചു എന്ന നിലയിലാണ് ബിഗ്ബോസുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ചർച്ച ഗ്രൂപ്പുകളിലെ ചൂടേറിയ ചർച്ച. കാത്തുവച്ച കസ്തൂരി മാമ്പഴം എന്ന പാട്ടോടെയുള്ള ട്രോളുകളും വരുന്നുണ്ട്.
മോഹൻലാൽ വീക്കിലി എപ്പിസോഡിൽ ക്യാപ്റ്റൻസി മത്സരത്തെക്കുറിച്ച് പറഞ്ഞപ്പോൾ അടുത്ത തവണയെങ്കിലും ബിഗ് ബോസ് വീടിന് ഒരു വനിത ക്യാപ്റ്റൻ വേണമെന്ന് മോഹൻലാലിന് മുന്നിൽ ആഗ്രഹം പ്രകടിപ്പിച്ച വ്യക്തിയാണ് റെനീഷ. റെനീഷയുടെ ആഗ്രഹം അവർക്ക് തന്നെ സാധിച്ചുകിട്ടിയിരിക്കുകയാണ്.
അതേ സമയം ഈസ്റ്റർ ദിനത്തിലെ സംഭവങ്ങൾക്ക് എല്ലാം പ്രധാന കാരണക്കാരായ അഖിലും സാഗറും അനന്തര നടപടിയുടെ ഭാഗമായി അടുത്താഴ്ചയിലേക്ക് നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇനി അവർ ഇവിടെ തുടരണമോ വേണ്ടയോ എന്ന് പ്രേക്ഷകർ തീരുമാനിക്കട്ടെയെന്നാണ് ബിഗ് ബോസ് പറഞ്ഞത്.