Fiction

ദോഷൈക ദൃക്കുകൾ ഓർക്കുക, കണ്ണ്  മാത്രമല്ല മനസ്സും തുറക്കുമ്പോഴേ യാഥാർത്ഥ്യങ്ങൾ കാണാനാവൂ

വെളിച്ചം

   നീതിമാനായിരുന്നു ആ രാജ്യത്തെ രാജാവ്.  അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് അദ്ദേഹം  പ്രിയപ്പെട്ടവനായിരുന്നു.  രാജാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഒരു പ്രതിമ നഗരഹൃദയത്തില്‍ സ്ഥാപിക്കാന്‍ യുവരാജാവ് തീരുമാനിച്ചു.  അതിന് രാജ്യത്തെ ഒരു പ്രഗത്ഭ ശില്പിയെ ഏല്‍പ്പിക്കുകയും ചെയ്തു. ശില്പത്തിന്റെ പണി ആരംഭിച്ചു.  ഇതിനിടയില്‍ ശില്പിയോട് അസൂയ പുലർത്തിയിരുന്ന മറ്റൊരു ശില്പിയും അവിടെയെത്തി. ശില്‍പത്തെ നോക്കിയപ്പോള്‍, രാജാവിന്റെ മുഖമാണ് കൊത്തുന്നത് എന്നാണ് അയാള്‍ക്ക് തോന്നിയത്. പക്ഷേ, കണ്ണിന്റെ ആകൃതി ശരിയല്ലല്ലോ! കുറച്ച് കൂടി നീണ്ട കണ്ണല്ലേ രാജാവിന്റേത്.
അയാള്‍ ശില്പിയോട് പറഞ്ഞു:
“താനീ കൊത്തിവെയ്ക്കുന്നതിന്റെ അളവുകളൊന്നും ശരിയല്ല. രാജാവിന് നീണ്ട കണ്ണാണ് ഉളളത്.  ഇത് ശരിയാകാന്‍ പോകുന്നുമില്ല.”
ശില്പി അതിന് മറുപടിയൊന്നും പറഞ്ഞില്ല.  അങ്ങനെ പ്രതിമ പൂര്‍ത്തിയായി.  പ്രതിമ അനാച്ഛാദനം ചെയ്യാന്‍ യുവരാജാവ് എത്തുന്നതിന് തലേദിവസം അയാള്‍ വീണ്ടുമെത്തി.  രാജാവിന്റെ ഛായയില്ലാത്ത പ്രതിമ ഒന്നുകൂടി കാണാമല്ലോ!
പ്രതിമ ശരിയായില്ല എന്ന് താന്‍ പറഞ്ഞാലും ഇനി അത് മാറ്റാനുള്ള സമയം പോലും ശില്പിക്ക് കിട്ടില്ല. യുവരാജാവ് അയാളെ ശിക്ഷിക്കുകയും ചെയ്യും.  സന്തോഷത്തോടെ അയാള്‍ ശില്പത്തിന് അരികിലെത്തി.  അവിടെ ചെന്നപ്പോള്‍ രാജാവിന്റെ അതിമനോഹരമായ പ്രതിമകണ്ട് അയാള്‍ അത്ഭുതപ്പെട്ടു.  കണ്ണിനൊന്നും ഒരു പ്രശ്‌നവുമില്ല..  നിരാശയോടെ അയാള്‍ ശില്പിയോട് ചോദിച്ചു:
“ഞാന്‍ കാണുമ്പോള്‍ ഈ കണ്ണ് ഇത്ര വലുതല്ലായിരുന്നുവല്ലോ.. ഞാന്‍ പറഞ്ഞപ്പോള്‍ താങ്കള്‍ ശരിയാക്കിയതാണല്ലേ.”
അതു കേട്ടപ്പോൾ ശില്പി പറഞ്ഞു:
“താങ്കള്‍ അന്ന് വന്നപ്പോള്‍ കണ്ടത് കണ്ണല്ല, രാജാവിന്റെ കിരീടത്തിലെ രത്‌നമായിരുന്നു.”
അയാള്‍ തലകുനിച്ചു.  പലപ്പോഴും കാണുന്നയാളുടെ കണ്ണിനല്ല, മനസ്സിനാണ് പ്രശ്‌നം. എന്തെങ്കിലും ദോഷം കണ്ടെത്തണം എന്ന് തീരുമാനിച്ച് നോക്കിയാല്‍ പിന്നെ ദോഷം മാത്രമേ കാണൂ. കണ്ണ് തെളിയട്ടെ, ഒപ്പം മനസ്സും.

Signature-ad

ശുഭദിനം നേരുന്നു, ഒപ്പം ആഹ്ലാദപൂർണമായ ഈസ്റ്റർ ആശംസകളും

സൂര്യനാരായണൻ

ചിത്രം: നിപുകുമാർ

Back to top button
error: