LocalNEWS

ഭാര്യയും മകനും ചേർന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ദേഹത്ത് 7 ഗുരുതര വെട്ട്. വാരിയെല്ല് ഹൃദയത്തിലേക്ക് തുളഞ്ഞു കയറി;  ഭാര്യ സീമന്തിനിയും മകന്‍ സബിനും അകത്തായി

    കാഞ്ഞങ്ങാട്: കുടുംബ വഴക്കിനിടെ ഭര്‍ത്താവിനെ ഭാര്യയും മകനും ചേർന്ന്  കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോര്‍ട്ടം  റിപ്പോർട്ട് ശനിയാഴ്ച വൈകീട്ട് പുറത്ത് വന്നു. കൊല നടത്തിയ ഭാര്യ സീമന്തിയുടെയും മൂത്ത മകന്‍ സബിന്റെയും അറസ്റ്റ് രാത്രി എട്ടുമണിയോടെ പൊലീസ് രേഖപ്പെടുത്തി.

പാണത്തൂര്‍ പുത്തൂരടുക്കം പനച്ചിക്കാട് വീട്ടില്‍ പി വി ബാബു (54) അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. വെട്ടേറ്റും  ചവിട്ടും അടിയുമേറ്റുമാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭാര്യ സീമന്തിയും മകന്‍ സബിനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. ബാബുവിന്റെ ശരീരത്തില്‍ ചെറുതും വലുതുമായ 13 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴെണ്ണം ആഴത്തിലുള്ളതാണ്.

കാലിന് മൂന്ന് മാരക വെട്ടാണുള്ളത്.12 സെന്റീമീറ്റര്‍ ആഴത്തില്‍ വെട്ടേറ്റ് കാലിന്റെ എല്ല് തകര്‍ന്നു. കാലില്‍ നിന്ന് ധാരാളം രക്തം വാര്‍ന്ന് പോയി. കഴുത്തിന് പിറകില്‍ ചെവിയുടെ ഭാഗത്തും മാരകമായ വെട്ടേറ്റിരുന്നു. .

ബാബുവിനെ സബിനും സീമന്തിയും ചേര്‍ന്ന് നിലത്തിട്ട് ചവിട്ടിയതു മൂലം വാരിയെല്ലിന്റെ വലത്തു ഭാഗത്തെ നാലു മുതല്‍ ഏഴുവരെ എല്ലുകള്‍ പൊട്ടി. ഇതില്‍ ചിലത് ഹൃദയത്തില്‍ തറച്ച് കയറിയതും മരണത്തിന് പ്രധാന കാരണമായി.

മല്‍പിടുത്തത്തിനിടെ കൈക്ക് മുറിവേറ്റ സീമന്തിനിയെ വെള്ളിയാഴ്ച വൈകീട്ട് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മൂത്ത മകൻ സബിനാണ് കൊലയ്ക്ക് പ്രധാന പങ്കുവഹിച്ചതെന്ന് കണ്ടെത്തിയത്.

സീമന്തിക്ക് പനത്തടിയിലെ ആശുപത്രിയില്‍ ചികില്‍സ നല്‍കി. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. ബാബു മദ്യപിച്ച് വന്ന് ഭാര്യയുമായി കലഹിക്കുന്നത് പതിവ് സംഭവമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയും കലഹം നടന്നു. ഇതിനിടയിലാണ് മകനും ഭാര്യയും ചേര്‍ന്ന് അടിച്ചും തൊഴിച്ചും ചവിട്ടിയും വെട്ടിയും ബാബുവിനെ കൊലപ്പെടുത്തി. ഇയാൾ മരിച്ചുവെന്ന് ഉറപ്പിച്ച ശേഷം പ്രതികള്‍ വെള്ളം ഉപയോഗിച്ച് തറ കഴുകി വൃത്തിയാക്കി. പിന്നെ നാട്ടുകാരെ വിവരമറിയിച്ച് ആംബുലന്‍സ് വരുത്തി ആശുപത്രിയില്‍ കൊണ്ടുപോയി.

ഭര്‍ത്താവ് വാക്കത്തിയെടുത്ത് അക്രമിക്കാന്‍ വന്നപ്പോള്‍ മല്‍പിടുത്തത്തിനിടെ അബദ്ധത്തില്‍ വെട്ടേറ്റാണ് മരണം സംഭവിച്ചതെന്നാണ്  സീമന്തിനി എല്ലാവരെയും അറിയിച്ചത്. തലയ്ക്ക് പിറകിലും കാലിനും ഉള്‍പെടെ വെട്ടിയ ആയുധം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

രാജപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ കൃഷ്ണന്‍, എസ്.ഐ മനോജ് കുമാര്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.

പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ദമ്പതികള്‍ക്ക് സബിനെ കൂടാതെ സുബിന്‍ എന്ന മകനുമുണ്ട്.

Back to top button
error: