കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ പകൽ താപനില ഗണ്യമായി ഉയരുമെന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ പഠന വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ പല സ്ഥലത്തും വഴിയാത്രക്കാരും തെരുവ് കച്ചവടക്കാരുമൊക്കെ സൂര്യാഘാതത്തിന് ഇരയായതായി റിപ്പോർട്ടുകളുണ്ട്
പാലക്കാട്, കോഴിക്കോട് തൃശൂര്‍ ജില്ലകളിലാണ് താപ സൂചിക അപകടകരമായ നിലയില്‍ ഇനിയും ഉയരാൻ സാധ്യത. ഈ മേഖലകളിൽ ഇത് 55 ലേക്ക് ഉയരുമെന്നാണ് വിലയിരുത്തലെന്ന് കുസാറ്റിന്‍റെ കാലാവസ്ഥാ പഠന വകുപ്പ് അറിയിച്ചു. പകല്‍ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണവും സൂര്യാതപവും വരാതെയും ശ്രദ്ധിക്കണം. കൊല്ലം മുതല്‍ കോഴിക്കോടു വരെയുള്ള ജില്ലകളില്‍ ഇടനാട്ടില്‍ പകല്‍ താപനില 35നും 38 ഡിഗ്രിസെൽഷ്യസിനും ഇടയിലായിരിക്കും.
താപ സൂചികപ്രകാരം 52 മുതല്‍ 54 വരെയായിരിക്കും ഈ പ്രദേശങ്ങളില്‍ അനുഭവവേദ്യമാകുന്ന ചൂട്. അതേസമയം ഒറ്റപ്പെട്ട ഇടങ്ങളില്‍ വേനല്‍മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്ന് ദിവസം കൂടി വേനല്‍മഴ തുടരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വഴിയോര കച്ചവടക്കാരും കാല്‍നട യാത്രക്കാരും അടക്കമുള്ളവര്‍ കനത്ത ചൂടില്‍ പ്രയാസപ്പെടുകയാണ്. വിഷുവും, ഈസ്റ്ററും പെരുന്നാളുമൊക്കെ പടിവാതിലിൽ എത്തി നിൽക്കുന്ന സാഹചര്യത്തില്‍ വിപണികളില്‍ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും ചൂട് എല്ലാവരെയും തളര്‍ത്തുന്നു
കാസർകോട് ജില്ലയില്‍ ഓരോ ദിവസവും കഴിയുന്തോറും ചൂടും വെയിലും കടുക്കുകയാണ്. അതേസമയം, വേനല്‍മഴ കനിയുന്നുമില്ല. മധ്യകേരളത്തിലെ ജില്ലകളില്‍ വേനല്‍ മഴ പെയ്‌തെങ്കിലും കണ്ണൂരും കാസര്‍കോട്ടും കനത്ത ചൂട് തുടരുന്ന സ്ഥിതിയാണ്. വേനല്‍മഴ ലഭിക്കാത്തത് കാര്‍ഷിക രംഗത്തുള്‍പ്പെടെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. മിക്കയിടങ്ങളിലും വീടുകളിലെ കിണറുകളിലെ വെള്ളവും വലിയതോതില്‍ കുറഞ്ഞു.