Movie

‘കൊറോണ പേപ്പേഴ്’സും ‘എന്താടാ സജി’യും ഏപ്രിൽ 7ന്, സന്തോഷ് പണ്ഡിറ്റ് ‘ആതിരയുടെ മകള്‍ അഞ്ജലി’യുമായി വരുന്നു

   പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ചിത്രം ‘കൊറോണ പേപ്പേഴ്‍സ്’ ഈ വെള്ളിയാഴ്ച തിയറ്ററിലെത്തും. ഷെയ്‍ൻ നിഗം ആണ് ചിത്രത്തിലെ നായകൻ. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കർ ആണ് നായിക. കൂടാതെ ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്‍സ് ജോസ് തുടങ്ങിയവരും അഭിനയിക്കുന്ന ‘കൊറോണ പേപ്പേഴ്‍സി’ന്റെ ഒടിടി പാര്‍ട്‍ണര്‍ ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ്.

ജയസൂര്യ നായകനാകുന്ന ‘എന്താടാ സജി’യും ഏപ്രില്‍ 8ന് റിലീസ് ചെയ്യും. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവേദ തോമസാണ് ജയസൂര്യയുടെ നായിക. ഛായാഗ്രാഹണം  ജീത്തു ദാമോദർ. എഡിറ്റിംഗ് രതീഷ് രാജ്. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിർമ്മിക്കുന്നത്.

Signature-ad

 അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, ധ്രുവന്‍, അതിഥി രവി എന്നിവരെ പ്രധാന താരങ്ങളാക്കി നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’  പൂര്‍ണമായി ഒരു റോഡ് മൂവിയാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മധ്യപ്രദേശിലെ പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനാണ്.  അഞ്ച് സുഹൃത്തുക്കളുടെ ആത്മബന്ധവും ഇവര്‍ നടത്തുന്ന റോഡ് ട്രിപ്പുമാണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. സച്ചി- സേതു കൂട്ടുകെട്ടിലെ സേതുവാണ് തിരക്കഥ. ഗോപിസുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിര്‍വഹിച്ചിരിക്കുന്നത്.

സുരേഷ് ഗോപിയും സംവിധായകന്‍ ജയരാജും  27 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന പുതിയ ചിത്രം ഒരു പൊരുങ്കളിയാട്ടത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.   ചിത്രത്തിലെ സുരേഷ് ഗോപിയുടെ ഗെറ്റപ്പ് ശ്രദ്ധ നേടിക്കഴിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റുകളില്‍ ഒന്നായ ‘കാളിയാട്ട’ത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ‘ഒരു പൊരുങ്കളിയാട്ടം’. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അനശ്വര രഞ്ജന്‍, ‘കെജിഎഫ്-ചാപ്റ്റര്‍ 2’ ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ‘മദനോത്സവ’ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മദനന്‍ എന്ന കഥാപാത്രമായാണ് സുരാജ് സിനിമയില്‍ എത്തുന്നത്. സമീപകാലത്ത് സുരാജ് ചെയ്ത ഗൗരവ സ്വഭാവമുള്ള കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായിരിക്കും ഈ കഥാപാത്രം. ബാബു ആന്റണിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു രാഷ്ട്രീയ മോഹിയാണ് ബാബു ആന്റണിയുടെ കഥാപാത്രം. സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം വിനായക അജിത്താണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. ഇ സന്തോഷ് കുമാറിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി പി കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സൗബിന്‍ ഷാഹിര്‍, ബിനു പപ്പു, നസ്ലിന്‍ നിഖില വിമല്‍ എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന നവാഗതനായ ഇര്‍ഷാദ് പരാരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘അയല്‍വാശി’യിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങി. അഖില്‍ ജെ ചാന്ദ്, മുന്‍ഷിന്‍ പരാരി,ജേക്ക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നു ആലപിച്ച ‘ചൂയിങ്ഗം ചവിട്ടി’ എന്ന തുടങ്ങുന്ന പാട്ടാണത്. ഒരു മുഴുനീള ഫാമിലി കോമഡി എന്റര്‍ടെയ്നർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്. ജഗദീഷ്, കോട്ടയം നസീര്‍, ഗോകുലന്‍, ലിജോ മോള്‍ ജോസ്, അജ്മല്‍ ഖാന്‍, സ്വാതി ദാസ്, അഖില ഭാര്‍ഗവന്‍ തുടങ്ങിയ വലിയ താര നിര കൂടി ഈ ചിത്രത്തില്‍ ഉണ്ട്. ഏപ്രില്‍ 21 ന് ലോകമെമ്പാടുമുള്ള തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ പ്രഖ്യാപിച്ചു. ‘ആതിരയുടെ മകള്‍ അഞ്ജലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്  ആരംഭിച്ചു. മലയാള സിനിമയില്‍ ഇതുവരെ വരാത്ത പ്രമേയമാണ് ചിത്രം പറയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്. നൂറോളം പുതിയ അഭിനേതാക്കളാണ് ചിത്രത്തിലൂടെ എത്തുന്നതെന്നും സംവിധായകന്‍ പറയുന്നു. ഒരു സ്ത്രീയുടെ ജീവിതത്തില്‍ അവര്‍ ഏറ്റവും പ്രതിസന്ധി നേരിടുന്നത് 37- 47 പ്രായത്തിലാണ്. ആ സമയത്ത് അവര്‍ നേരിടുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ കഥ. നല്ല പാട്ടുകളും മറ്റ് വാണിജ്യ ഘടകങ്ങളുമുള്ള ചിത്രമാണ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. എന്നാല്‍ ഗാനചിത്രീകരണം നടക്കുക കേരളത്തിന് പുറത്താണെന്നും സന്തോഷ് പണ്ഡിറ്റ് അറിയിച്ചിട്ടുണ്ട്. 2011 ല്‍ ‘കൃഷ്ണനും രാധയും’  ചിത്രത്തിലൂടെയാണ് സംവിധായകനായി സന്തോഷ് പണ്ഡിറ്റിന്റെ രംഗപ്രവേശം. തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍, കാളിദാസന്‍ കവിതയെഴുതുകയാണ് തുടങ്ങി എട്ട് ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.  2019 ല്‍ പുറത്തെത്തിയ ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാവിലാസങ്ങള്‍ക്കു ശേഷം എത്തുന്ന സന്തോഷ് പണ്ഡിറ്റ് ചിത്രമാണ് ഇത്.

Back to top button
error: