ജടായു പാറ ടൂറിസം ലിമിറ്റഡ് കമ്പനിയിലെ നിക്ഷേപകർ സമര രംഗത്ത് .പ്രവാസികൾ അടക്കം നിരവധി നിക്ഷേപകർ കമ്പനി ചെയർമാൻ രാജീവ് അഞ്ചലിന്റെ പോത്തൻകോട്ടെ വീടിനു സമീപം നടത്തിയ പ്രതിഷേധത്തിൽ സംഘർഷം .
അറുപത്തിയഞ്ച് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ബി ഒ ടി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംരംഭമാണ് ജടായു പാറ ടൂറിസം പദ്ധതി .സംസ്ഥാന സർക്കാർ 30 വർഷത്തേക്കാണ് പദ്ധതി അനുവദിച്ച് നൽകിയത് .എന്നാൽ രാജീവ് അഞ്ചലും നിക്ഷേപകരും ഇടഞ്ഞതോടെ പദ്ധതി വിവാദത്തിൽ ആയിരിക്കുകയാണ് .
രാജീവ് അഞ്ചലിന്റെ അനുയായികളും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായതോടെ പോലീസ് ഇടപെടൽ വേണ്ടി വന്നു .ജടായുപാറ പദ്ധതിയ്ക്കായി കഴിഞ്ഞ അഞ്ച് വർഷമായി കോടികൾ മുടക്കിയവരെ യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കുക ആയിരുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു .വായ്പ എടുത്തും ഭൂമി വിറ്റും വരെ നിക്ഷേപം നടത്തിയവർ ഉണ്ട് . എന്നാൽ 12 % പലിശ പോലും ലഭിച്ചില്ലെന്നും പരാതിക്കാർ പറയുന്നു .
ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡിലെ നിക്ഷേപകരും രാജീവ് അഞ്ചലും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് നിക്ഷേപകർ വിവിധ കോടതികളിൽ ഹർജി ഫയൽ ചെയ്തു .രാജീവ് അഞ്ചൽ തിരിമറി നടത്തി പദ്ധതി സ്വന്തമാക്കാൻ നീക്കം നടത്തുക ആണെന്ന് നിക്ഷേപകർ ആരോപിക്കുന്നു .
എന്നാൽ നിക്ഷേപം സ്വീകരിക്കാൻ താൻ തലപ്പത്തിരുത്തിയവർ പദ്ധതി സ്വന്തമാക്കാൻ തനിക്കെതിരെ നീങ്ങുക ആണെന്നാണ് രാജീവ് അഞ്ചലിന്റെ പ്രതികരണം .ചെയർമാൻ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാനും നീക്കം നടക്കുന്നുണ്ടെന്ന് രാജീവ് അഞ്ചൽ ആരോപിക്കുന്നു .
എന്തായാലും രാജീവ് അഞ്ചലും നിക്ഷേപകരും തമ്മിലുള്ള തർക്കം ജടായു പാറ ടൂറിസം പദ്ധതിയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തലത്തിൽ എത്തിയിരിക്കുകയാണ് . രണ്ടു കൂട്ടരും ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതോടെ നീണ്ട നിയമ യുദ്ധത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക് .