Fiction

സ്വയം പ്രഖ്യാപിക്കേണ്ടതല്ല മഹത്വം, മറ്റുള്ളവര്‍ കല്‍പിച്ചുനല്‍കേണ്ടതാണത്

വെളിച്ചം

ഒരിക്കല്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി രാജവീഥിയിലൂടെ നടക്കുകയായിരുന്നു.  വഴിയില്‍ കണ്ട സന്യാസി  തന്നെനോക്കി ചിരിക്കുന്നത് കണ്ടപ്പോള്‍ അത് പരിഹാസമായാണ് അലക്‌സാണ്ടര്‍ക്ക് തോന്നിയത്.  ദേഷ്യത്തിൽ അദ്ദേഹം സന്യാസിയോട് ചോദിച്ചു:
“ഞാന്‍ മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയാണെന്ന് താങ്കള്‍ക്കറിയില്ലേ…?”
സന്യാസി പറഞ്ഞു:
“ഞാന്‍ താങ്കളില്‍ ഒരു മഹത്വവും കാണുന്നില്ല. താങ്കള്‍ ദരിദ്രനാണ്.”
ചക്രവർത്തി കുപിതനായി സന്യാസിയെ നോക്കി. അദ്ദേഹം ഭാവഭേദമന്യേ തുടർന്നു:

Signature-ad

“നിങ്ങള്‍ ഒരു മരുഭൂമിയിലൂടെ നടക്കുകയാണെന്ന് കരുതുക. ദാഹിച്ചു മരിക്കുമെന്നായപ്പോള്‍ ഒരു പാത്രത്തില്‍ വെള്ളവുമായി വരുന്ന ഒരാളെ താങ്കള്‍ കണ്ടു.  അയാള്‍ നിങ്ങള്‍ക്ക് വെള്ളം സൗജന്യമായി നല്‍കാന്‍ തയ്യാറല്ല എന്ന് കരുതുക. ആ ഒരു ഗ്ലാസ്സ് വെള്ളത്തിന് പകരം താങ്കള്‍ എന്താണ് നല്‍കുക…?”
‘എന്റെ സാമ്രാജ്യത്തിന്റെ പകുതിനല്‍കു’മെന്നായിരുന്നു ചക്രവര്‍ത്തിയുടെ മറുപടി. ‘അതിനയാള്‍ വഴങ്ങിയില്ലെങ്കില്‍ സാമ്രാജ്യം മുഴുവനും നല്‍കും.’
അപ്പോള്‍ സന്യാസി പറഞ്ഞു:
“നിങ്ങളുടെ മുഴുവന്‍ സാമ്രാജ്യത്തിന്റെയും വില ഒരു ഗ്ലാസ്സ് വെള്ളത്തിന്റെ അത്രയേ ഉള്ളൂ. ചിലപ്പോള്‍ അതും മതിയാകാതെ വരും.  ഇപ്പോള്‍ മനസ്സിലായില്ലേ… നിങ്ങളുടെ മഹത്വം വെറും ഒരു മായയാണെന്ന്.. ! മഹത്വം സ്വയം പ്രഖ്യാപിക്കേണ്ടതല്ല. മറ്റുള്ളവര്‍ കല്‍പിച്ചുനല്‍കേണ്ടതാണ്.”

താന്‍ ഉത്കൃഷ്ഠനാണെന്ന് സ്വയം പ്രഖ്യാപിക്കുമ്പോഴേല്ലാം ആള്‍ക്കൂട്ടത്തില്‍ അപഹാസ്യനാകും.
വിലകൊടുത്തോ ഭീഷണിപ്പെടുത്തിയോ നേടുന്ന ആദരത്തിന് സ്വത്ത് നശിക്കുന്നത് വരെയോ അധികാരമൊഴിയുന്നതു വരെയോ ആയുസ്സുള്ളൂ. നിര്‍ബന്ധിക്കപ്പെടുന്നതുകൊണ്ടും  നിയമമായതു കൊണ്ടും ചിലത് കാണുമ്പോള്‍ എഴുന്നേല്‍ക്കേണ്ടിവരും.   പക്ഷേ, നാം മറ്റുചിലരെ കാണുമ്പോള്‍ ആദരം കൊണ്ടും അഭിനിവേശം കൊണ്ടും അറിയാതെ എഴുന്നേറ്റുപോകും.  ആ വ്യത്യാസം വ്യക്തിത്വത്തിന്റെതാണ്.
മഹത്വം വന്നുചേരേണ്ടതാണ്. അതിലേക്കുളള യാത്ര തുടരുക എന്നത് മാത്രമാണ് മനുഷ്യരുടെടെ കടമ.

ശുഭദിനം ആശംസിക്കുന്നു.

സൂര്യനാരായണൻ

ചിത്രം: നിപുകുമാർ

Back to top button
error: