എൻ ഗോവിന്ദൻകുട്ടി തിരക്കഥ എഴുതിയ കുഞ്ചാക്കോയുടെ ‘പൊന്നാപുരം കോട്ട’ അഭ്രപാളികളിലെത്തിയിട്ട് 50 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് സംവിധാനം ചെയ്‌ത ‘പൊന്നാപുരം കോട്ട’ ജൂബിലി നിറവിൽ. 1973 മാർച്ച് 30 നാണ് എൻ ഗോവിന്ദൻകുട്ടി രചിച്ച ഈ വടക്കൻപാട്ട് ചിത്രം പ്രദർശനത്തിനെത്തിയത്. തച്ചോളി മരുമകൻ ചന്തു, തച്ചോളി അമ്പു, അങ്കത്തട്ട്, മാമാങ്കം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ ഗോവിന്ദൻകുട്ടിയുടേതായിരുന്നു. ഒടുവിൽ റിലീസായ ചിത്രം പടയോട്ടമാണ്. ‘പൊന്നാപുരം കോട്ട’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു.
കുറുപ്പ് (ജി.കെ പിള്ള) നമ്പ്യാരെ (തിക്കുറിശ്ശി) ചതിച്ചു കൊന്നു. നമ്പ്യാർക്ക് രണ്ട് പെൺമക്കളാണുള്ളത് (വിജയശ്രീ, ഷബ്‌നം). കുറുപ്പിന് രണ്ടാൺ മക്കൾ (ഉമ്മർ, നസീർ). പെൺശിരോമണികൾ കുറുപ്പിനെ വധിച്ച് പ്രതികാരം വീട്ടി. ഇനി ആൺമക്കളുടെ കൂടി തല കൊയ്യാനാണ് പുറപ്പാട്. ആൺപിള്ളേർക്കാണെങ്കിൽ അച്ഛനെ കൊന്നവരോട് പ്രതികാരം ചെയ്യണം. പൊന്നാപുരം കോട്ടയാണ് യുദ്ധഭൂമി. അങ്ങോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ആൺപിള്ളേർ പെങ്കുട്ട്യോളെ ആളറിയാതെ കാളപ്പോരിൽ നിന്ന് രക്ഷിക്കുന്നുണ്ട്.
പൊന്നാപുരം കോട്ട കീഴടക്കിയ ചേട്ടന്റെ അഹങ്കാര വഴി ശരിയല്ലെന്ന് കണ്ട് എതിർത്ത് അനിയൻ ഉടക്കി. അനിയനും ശത്രുവായ വിജയശ്രീയും കല്യാണം കഴിക്കുന്നതിനെ എതിർത്ത് ചേട്ടനും നിലപാടെടുത്തു. ചേട്ടനും അനിയനും തമ്മിൽ പൊരിഞ്ഞ യുദ്ധം. അടിക്കിടയിൽ ചേട്ടൻ പാമ്പ്കടിയേറ്റ് മരിച്ചു. നസീർ കറുവഞ്ചേരി കുറുപ്പിന്റെ മകനാണെന്ന് വിജയശ്രീ അറിഞ്ഞു. അച്ഛനെ കൊന്ന കുറുപ്പിന്റെ മക്കളെ കൊല്ലുമെന്ന് മുൻപ് ശപഥം ചെയ്തിരുന്നവളാണ് കാമുകി. ‘എന്റെ ശിരസ്സ് നിന്റെ കൈ കൊണ്ട് അരിഞ്ഞു വീഴ്ത്തൂ’ എന്ന് കാമുകൻ. ആചാരവിധിയാലുള്ള അങ്കം തന്നെ ശരണം. കാമുകന്റെ ഉറുമി കാമുകിയുടെ രക്തത്താൽ ചുവന്നു. അനിയത്തിയെ കാമുകനെ ഏൽപ്പിച്ച് കാമുകി മരണത്തിന് കീഴടങ്ങി. ദുഷ് കൃത്യങ്ങളുടെ വിളനിലമായ പൊന്നാപുരം കോട്ട കത്തിക്കുന്നതാണ് ചിത്രാന്ത്യം.
വയലാർ- ദേവരാജന്മാരുടെ സുന്ദരങ്ങളായ ഗാനങ്ങൾ ചിത്രത്തിന്റെ അഴക് തെല്ലൊന്നുമല്ല വർദ്ധിപ്പിച്ചത്. ‘നളചരിതത്തിലെ നായകനോ’, ‘മന്ത്രമോതിരം’, ‘രൂപവതി രുചിരാംഗി’ എന്നീ നിത്യഹരിത ഗാനങ്ങൾക്ക് പുറമേ ‘വള്ളിയൂർക്കാവിലെ കന്നിക്ക് വയനാടൻ പുഴയിലാറാട്ട്’ എന്ന വിവാദഗാനം കൂടിയുണ്ടായിരുന്നു (വെള്ളച്ചാട്ടത്തിൽ വിജയശ്രീയുടെ വസ്ത്രം മാറിപ്പോവുകയും, അവരറിയാതെ ആ സീൻ സിനിമയിൽ ഉപയോഗിക്കുകയും ചെയ്‌തു. വിജയശ്രീ പിന്നീട് ആത്മഹത്യ ചെയ്‌തു.)