KeralaNEWS

അട്ടപ്പാടിയിൽ  ആള്‍ക്കൂട്ടവിചാരണയിൽ കൊല്ലപ്പെട്ട മധുവിന് നീതി കിട്ടുമോ…? കേസില്‍ വിധി ഇന്ന്

അട്ടപ്പാടിയില്‍ മധുവെന്ന യുവാവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തി മര്‍ദ്ദിച്ചു കൊന്ന കേസില്‍ അന്തിമ വിധി ഇന്ന്. മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ കോടതിയാണ് കേസില്‍ വിധി പറയുക. 2018 ഫെബ്രുവരി 22നാണ് അട്ടപ്പാടിയിൽ മധു ആൾക്കൂട്ട കൊലപാതകത്തിന് ഇരയായത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടം കെട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് കേസിന്റെ വാദം പൂര്‍ത്തിയായതും വിധി വരുന്നതും. മുക്കാലി, ആനമൂളി, കള്ളമല പരിസരത്തുള്ള 16 പേരാണ് കേസിലെ പ്രതികള്‍. സാക്ഷി വിസ്താരം ആരംഭിച്ച് 11 മാസമാകുമ്പോഴാണ് കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത്. പ്രോസിക്യൂഷന്റെ 127 സാക്ഷികളും, പ്രതിഭാഗത്തിന്റെ ആറ് സാക്ഷികളുമാണ് ഉണ്ടായിരുന്നത്.

പ്രോസിക്യൂഷൻ സാക്ഷികളിൽ 24 പേർ കൂറു മാറി. 77 പേർ പ്രോസിക്യൂഷന് അനുകൂലമായും മൊഴി നൽകി. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ഇവർ കൂട്ടത്തോടെ കൂറുമാറിയെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിൽ വിചാരണ കോടതി 12 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് ശരി വയ്ക്കുകയും ചെയ്തു.

മധു കൊല്ലപ്പെട്ട വാർത്ത സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമുയർന്നിരുന്നു. ഏറെ മാധ്യമ നേടിയ കേസിൽ 4 പ്രോസിക്യൂട്ടർമാരെ നിയമിച്ചതുൾപ്പെടെ അസാധാരണ സംഭവങ്ങളേറെയുണ്ടായി. സാക്ഷി വിസ്താരത്തിനിടെ കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പറഞ്ഞ് കൂറു മാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കാൻ ഉത്തരവിട്ടതും, മജിസ്റ്റീരിയൽ റിപ്പോർട്ട് തയാറാക്കിയ മജിസ്‌ട്രേട്ട്, ആർ.ഡി.ഒ ഇവരെ വിസ്തരിച്ചതുമെല്ലാം കേസിലെ അപൂർവതകളായി.

മധുവിന് നീതി തേടി അമ്മ മല്ലിയും സഹോദരി സരസുവും പോരാട്ടം ആരംഭിച്ചിട്ട് അഞ്ചാണ്ട് പിന്നിട്ടു.
കേസ് വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആദ്യ പോരാട്ടം. ഒടുവിൽ പ്രോസിക്യൂട്ടറെ നിയമിച്ചെങ്കിലും, കോടതിയിലെത്താതെ മൂന്ന് പ്രോസിക്യൂട്ടർമാർ മാറിയത് തിരിച്ചടിയായി.

ഇതോടെ കേസിന്റെ വിചാരണ വൈകിയതിനെതിരെ മധുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കേസിന്റെ വിചാരണ ആരംഭിച്ചു.
2022 ഫെബ്രുവരി 18ന് പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി.രാജേന്ദ്രനും അഡീഷനൽ പ്രോസിക്യൂട്ടർ രാജേഷ് എം.മേനോനും ഹാജരായി.

സാക്ഷി വിസ്താരം തുടരുന്നതിനിടെ സാക്ഷികൾ നിരന്തരം കൂറുമാറി. അതോടെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ അമ്മ മല്ലി ആവശ്യപ്പെടുകയും, രാജേഷ് എം. മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു.

Back to top button
error: