തിരുവന്തപുരം : കരമന -കളിയിക്കാവിള ദേശീയപാതയിൽ ബാലരാമപുരത്ത് അടിപ്പാത നിര്‍മ്മിക്കുന്നതിനെതിരെ വ്യാപാരികൾ. അടിപ്പാത നിര്‍മ്മിച്ചാൽ വാണിജ്യ പട്ടണമെന്ന പ്രശസ്തി ബാലരാമപുരത്തിന് നഷ്ടമാകുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. ദേശീയപാത വികസനത്തെ അട്ടിമറിക്കാനുള്ള സ്ഥാപിത നീക്കമെന്നാണ് ദേശീയപാതാ കര്‍മ്മസമിതിയുടെ നിലപാട്.
നിര്‍മ്മാണം തുടങ്ങി 12 വര്‍ഷം പിന്നിട്ടിട്ടുട്ടും വഴിമുട്ടിയ കരമന-കളിയിക്കാവിള ദേശീയപാതാ വികസനത്തിനുള്ള ഏക പോംവഴിയായിരുന്നു ബാലരാമപുരത്തെ അടിപ്പാത. സ്ഥലം ഏറ്റെടുപ്പ് വഴിമുട്ടിയതോടെ മേൽപാലമെന്ന ആദ്യ നിര്‍ദ്ദേശം വ്യാപാരികൾ തള്ളിയതോടെയാണ് അടിപ്പാത നിര്‍മ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയത്. കൊടിനട മുതൽ തയ്ക്കാപ്പള്ളിവരെ അടിപ്പാതയുടെ വിശദ പദ്ധതി രേഖ കിഫ്ബി അംഗീകരിച്ച് 113 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും അടിപ്പാത നിര്‍മ്മിക്കുന്നത് അശാസ്ത്രീയമാണെന്നാണ് വ്യാപരാകിൾ പറയുന്നത്.
ഗതാഗതക്കുരുക്കഴിക്കാൻ ഏറ്റവും എളുപ്പമുള്ള മാര്‍ഗമായ അടിപ്പാതയുടെ നിര്‍മ്മാണത്തെ എതിര്‍ക്കുന്നതിന് പിന്നിൽ ദേശീയപാതാ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നാണ് കര്‍മ്മസമിതിയുടെ നിലപാട്. നാലുമുക്ക് കവലയായ ബാലരാമപുരത്ത് അടിപ്പാതയോ മേൽപ്പാലമോ ഇല്ലാതെ ദേശീയപാത വികസിപ്പിച്ചാൽ വീണ്ടും ഗതാഗതക്കുരുക്കിനിടയാക്കുമെന്നാണ് മുന്നറിയിപ്പ്.