ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി.എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താൻ പോരാടുന്നതെന്നും രാഹുൽ പറഞ്ഞു.അയോഗ്യതയ്ക്കും ഭീഷണിക്കുമൊന്നും എന്നെ നിശബ്ദനാക്കാൻ സാധിക്കില്ല.
അദാനിയുടെ ഷെൽ കമ്പനിയിൽ ഇരുപതിനായിരം കോടി നിക്ഷേപിച്ചാരാണെന്ന് വ്യക്തമാക്കണം. അദാനിക്കായി ചട്ടങ്ങൾ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങൾ നൽകി. ഇതെല്ലാം പുറത്ത് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് എന്നെ നിശബ്ദനാക്കാൻ ശ്രമിക്കുന്നത്. ഞാൻ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയിൽ സംസാരിക്കാൻ അനുവദിച്ചില്ല.മോദി ആരെയോ ഭയപ്പെടുന്നുണ്ട്.മാപ്പ് പറയാൻ ഞാൻ സവർക്കരല്ല, ഗാന്ധിയാണ്-രാഹുൽ പറഞ്ഞു