തിരുവനന്തപുരം: സര്‍ക്കാരിന്റെ മെഡിസെപ്പ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രതിസന്ധിയിലാക്കി, യന്ത്ര സഹായത്തോടെയുള്ള ആധുനിക ഫാക്കോ ഇമള്‍സിഫിക്കേഷന്‍ തിമിര ശസ്ത്രക്രിയയുടെ ക്ലെയിമുകള്‍ ഇന്‍ഷ്വറന്‍സ് കമ്പനി കൂട്ടത്തോടെ നിരസിക്കുന്നു. പകരം ചെലവ് കുറഞ്ഞ പരമ്പരാഗത മാനുവല്‍ സ്മോള്‍ ഇന്‍സിഷന്‍ (എം.എസ്.ഐ.സി.എസ്) ശസ്ത്രക്രിയ മതിയെന്ന നിലപാടിലാണ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ്. ഇതോടെ നാലുദിവസമായി പെന്‍ഷന്‍കാര്‍ ഉള്‍പ്പെടെ പ്രായമായവര്‍ ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്.
ഫാക്കോ ശസ്ത്രക്രിയ്ക്ക് 22,000രൂപയും മാനുവല്‍ ശസ്ത്രക്രിയയ്ക്ക് 15,000രൂപയുമാണ് മെഡിസെപ്പ് നിരക്ക്. 22,000രൂപയുടെ ശസ്ത്രക്രിയയുടെ ക്ലെയിം നല്‍കിയാല്‍ 15,000രൂപ മാത്രമാണ് ഓറിയന്റല്‍ ഇന്‍ഷ്വറന്‍സ് കമ്പനി അനുവദിക്കുന്നത്. 7000രൂപ രോഗി നല്‍കണം. ഇത് ആശുപത്രികളും രോഗികളും തമ്മില്‍ ഉരസലിന് കാരണമാകുന്നു. ഇതോടെ പദ്ധതി തുടരാനാവാത്ത അവസ്ഥയിലാണ് കണ്ണാശുപത്രികള്‍.
മെഡിസെപ് വ്യാപകമായി അംഗീകരിച്ചിരുന്നതും പരാതി ഇല്ലാതെ മുന്നോട്ട് പോയിരുന്നതും കണ്ണാശുപത്രികളിലാണ്. ചില ആശുപത്രികള്‍ 15,000 രൂപയുടെ ശസ്ത്രക്രിയ നടത്തി 22,000രൂപയുടെ ബില്ല് സമര്‍പ്പിച്ചെന്നും അതിനാലാണ് ഫാക്കോ ക്ലെയിം അനുവദിക്കാത്തതെന്നുമാണ് കമ്പനിയുടെ വാദം.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന് നടപ്പാക്കിയ മെഡിസെപ്പിലൂടെ 24,000 തിരിമ ശസ്ത്രക്രിയകളാണ് നടന്നത്. ചുരുക്കം പേര്‍ മാത്രമാണ് മാനുവല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായത്. അതും ഫാക്കോ ശസ്ത്രക്രിയ ഇല്ലാത്ത ആശുപത്രികളില്‍ മാത്രം.