വടകര നഗരസഭയിലെ മാലിന്യ സംസ്കരണം കൈകാര്യംചെയ്യുന്ന ‘ഹരിയാലി’യെപ്പറ്റി പഠിക്കാൻ തെലങ്കാനയിൽനിന്ന് വിദഗ്ധസംഘമെത്തി.
സാത്തുപള്ളി മുനിസിപ്പൽ കമ്മിഷണർ കെ. സുജാത, സിദ്ധുപ്പെട്ട് മുനിസിപ്പാലിറ്റി സാനിറ്ററി ഇൻസ്പെക്ടർ എൻ. വനിത, തെലങ്കാന ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഐ.കെ. നാരായണ എന്നിവരുടെ നേതൃത്വത്തിൽ 15 അംഗ സംഘമാണ് വടകരയിലെത്തിയത്.
വടകര നാരായണ നഗരത്തിലുള്ള മാലിന്യം തരംതിരിക്കുന്ന എം.ആർ.എഫ്, ഹരിയാലി പരിപാലിക്കുന്ന നഗരസഭാ പാർക്ക്, പരിസ്ഥിതി സൗഹൃദ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന ഗ്രീൻ ഷോപ്പ്, ഗ്രീൻ ടെക്‌നോളജി സെൻ്റർ എന്നിവ സംഘം സന്ദർശിച്ചു. ഹരിയാലി നിർമിച്ച ടോയ്‌ലറ്റ് ക്ലീനിങ്ങിനുള്ള എട്ട് ഉത്പന്നങ്ങൾ അടങ്ങുന്ന ഓരോ കിറ്റ് വടകര നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു സംഘാംഗങ്ങൾക്ക് നൽകി.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി പ്രജിത, പൊതുമരാമത്ത് ചെയർമാൻ എം. ബിജു, സെക്രട്ടറി എൻ. കെ. ഹരീഷ്, ഹരിയാലി കോ-ഓർഡിനേറ്റർ മണലിൽ മോഹനൻ, കുടുംബശ്രീ ചെയർപേഴ്‌സൺ കെ. മീര, ജെ.എച്ച്.ഐ. വിജിത, ജില്ലാ ശുചിത്വമിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ കൃപ എന്നിവർ പങ്കെടുത്തു.