തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ രണ്ട് മുറി മാത്രമുള്ള വീടിന് വൈദ്യുതി ബില്ല് പതിനേഴായിരത്തി നാൽപ്പത്തിനാല് രൂപ. പെരിങ്ങര സ്വദേശി വിജയനാണ് ഈ ഷോക്ക് അടിപ്പിക്കുന്ന ബില്ല് കിട്ടിയത്. അതേസമയം വീട്ടിലെ വൈദ്യുത ലൈനിലെ തകരാർ കാരണമായിരിക്കും ബില്ല് കൂടിയതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം
ഈ മാസത്തെ ബൈദ്യുതി ബില്ല് കിട്ടിയതോടെ വിജയനും കുടുംബവും ശരിക്കും ഷോക്കായി. രണ്ട് എൽഇഡി ബൾബും രണ്ട് ഫാനും മാത്രമുള്ള വീട്ടിലാണ് 17,044 രൂപയുടെ വൈദ്യുതി ബില്ല് എത്തിയത്. സാധാരണ ഗതിയിൽ നാനൂറിനും അഞ്ഞൂറിനും ഇടയിൽ മാത്രം വൈദ്യുതി ബില്ല് വന്നിരിന്ന സ്ഥാനത്താണ് ഇത്തവണ ഇത്രയധികം തുക. കൂലിപ്പണിക്കാരനായ വിജയന് ഭീമമായ തുക അടയ്ക്കാൻ കഴിയാതെ വന്നതിന് പിന്നാലെ കെഎസ്ഇബി മണിപ്പുഴ സെക്ഷൻ ഓഫീസിൽ പരാതി നൽകി. എങ്കിലും ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെഎസ്ഇബി.
ഹൃദ്രേോഗിയായ അമ്മയും രണ്ട് മക്കളും ഭാര്യയും അടങ്ങുന്നതാണ് വിജയന്റെ കുടുംബം. അമ്മയുടെ ആരോഗ്യനില മോശമാണ്. വിദ്യാർത്ഥികളായ മക്കൾക്ക് പരീക്ഷയും നടക്കുന്നുണ്ട്. ഇതിനിടെയിൽ വീട്ടിൽ കറന്റ് ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്. എന്നാൽ വിജയന്റെ പരാതി കിട്ടിയതിനെ തുടർന്ന് വീട്ടിൽ പരിശോധന നടത്തിയെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്. മീറ്ററും മാറ്റി വച്ച് പരിശോധിച്ചു എന്നാൽ അതിലൊന്നും കണ്ടെത്തിയില്ല. തുടർന്ന് അംഗീകൃത ഇലക്ട്രീഷനെ കൊണ്ട് വീട്ടിലെ വയറിങ്ങ് പരിശോധിക്കാൻ വിജയന് നിർദേശം നൽകിയിരിക്കുകയാണ് കെഎസ്ഇബി.