കീവ്: ചൈനീസ് പ്രസിഡൻറിന്റെ റഷ്യൻ സന്ദർശനത്തിന് പിന്നാലെ യുക്രൈയ്നിൽ റഷ്യൻ മിസൈൽ ആക്രമണം. ജനവാസമേഖലകളിലെ റഷ്യൻ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റതായാണ് വിവരം. ബുധനാഴ്ച നടന്ന രൂക്ഷമായ മിസൈൽ ആക്രമണത്തിൻറെ ദൃശ്യങ്ങൾ യുക്രൈൻ പ്രസിഡൻറ് വ്ലോദിമിർ സെലൻസ്കി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. യുക്രൈനിലെ സപോർഷിയ മേഖലയിലാണ് പട്ടാപ്പകൽ റഷ്യൻ മിസൈൽ ആക്രമണമുണ്ടായത്. തിരക്കേറിയ റോഡിന് സമീപത്തെ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിൻറെ ദൃശ്യങ്ങളാണ് സെലൻസ്കി പുറത്ത് വിട്ടത്.
സാധാരണ ജനങ്ങളും കുട്ടികളും താമസിക്കുന്ന ജനവാസ മേഖലകളിലേക്കാണ് റഷ്യൻ മിസൈലുകളെത്തുന്നെന്നാണ് സെലൻസ്കി വിശദമാക്കുന്നത്. റഷ്യൻ ഭീകരത ചെറുക്കുന്നതിനും സംരക്ഷണത്തിനുമായി കൂടുതൽ ഐക്യം വേണമെന്നും സെലൻസ്കി ആവശ്യപ്പെടുന്നു. ബുധനാഴ്ച റഷ്യ വ്യാപക ആക്രമണമാണ് യുക്രൈനെതിരെ നടത്തിയത്. കീവിലെ വിദ്യാർത്ഥികുടെ ഹോസ്റ്റലിന് നേരെ നടന്ന ഷെല്ലാക്രമണത്തിൽ മാത്രം ഏഴു പേർ കൊല്ലപ്പെട്ടതായാണ് വിവരം. ചൈനീസ് പ്രസിഡൻറിൻറെ സന്ദർശനത്തിന് പിന്നാലെയാണ് ഈ ആക്രമണമെന്നതും ശ്രദ്ധേയമാണ്.
Zaporizhzhia. Right now, residential areas where ordinary people and children live are being fired at.
This must not become "just another day" in 🇺🇦 or anywhere else in the world. The world needs greater unity and determination to defeat Russian terror faster and protect lives. pic.twitter.com/YnocW2yVaU— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) March 22, 2023
റഷ്യയുടെ അധിനിവേശത്തിന് ശേഷവും ചൈന റഷ്യയുടെ അടുത്ത സുഹൃത്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഷി ജിൻ പിങിൻറെ മോസ്കോ സന്ദർശനം. സന്ദർശനം റഷ്യ – ചൈന ബന്ധത്തിൻറെ ആക്കം കൂട്ടുമെന്നും റഷ്യയും ചൈനയും നല്ല അയൽക്കാരും വിശ്വസനീയ പങ്കാളികളുമാണെന്നും ഷീ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്. സൈബീരിയയിൽ നിന്ന് ചൈനയിലേക്കുള്ള ഗ്യാസ് പൈപ്പ് ലൈൻ സംബന്ധിച്ച വിഷയങ്ങളിലടക്കം ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിമിനൽ കോടതി വ്ലാദിമിർ പുടിനെതിരെ അറസ്റ്റ് വാറൻറ് പുറത്തിറക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെയായിരുന്നു ചൈനീസ് പ്രസിഡൻറിന്റെ റഷ്യാ സന്ദർർശനം.