ന്യൂഡല്‍ഹി: ബ്രിട്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ. ഡല്‍ഹിയിലെ ബ്രിട്ടീഷ് സ്ഥാനപതി കാര്യാലയത്തിന്റെ സുരക്ഷ വെട്ടിക്കുറച്ചു. ബ്രിട്ടീഷ് സ്ഥാനപതിയുടെ വസതിക്ക് മുന്നിലെ ബാരിക്കേഡുകള്‍ നീക്കി. സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പി.സി.ആര്‍ വാനുകളും പിന്‍വലിച്ചിട്ടുണ്ട്.
മാര്‍ച്ച് 19-നാണ് അമൃത്പാലിനെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍ അനുകൂലികളാണ് ആക്രമണം നടത്തിയത്. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് മുന്നില്‍ പ്രതിഷേധിച്ച ഖലിസ്ഥാന്‍ വാദികള്‍ ദേശീയ പതാകയെ അപമാനിച്ചിരുന്നു.
ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ ബിട്ടീഷ് അധികൃതര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ ബ്രിട്ടീഷ് കാര്യാലയത്തിന് അധികമായി ഒരുക്കിയ എല്ലാ സുരക്ഷാ സംവിധാനങ്ങളും നീക്കാന്‍ ഇന്ത്യ തീരുമാനിച്ചത്.