IndiaNEWS

കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനൊപ്പം ചേർന്ന് 16 ദളിത് നേതാക്കൾ

ബെം​ഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോൺ​ഗ്രസിനൊപ്പം ചേർന്ന് 16 ദളിത് നേതാക്കൾ. പട്ടികജാതി വിഭാ​ഗത്തിനുള്ള സംവരണത്തിന് വേണ്ടി പ്രവർത്തിക്കുന്ന 16 പ്രമുഖ നേതാക്കളാണ് ചൊവ്വാഴ്ച്ച കോൺ​ഗ്രസിലെത്തിയത്. ഇത് കോൺ​ഗ്രസിന് തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ ബിജെപിയും കോൺ​ഗ്രസും ഒപ്പത്തിനൊപ്പം തെരഞ്ഞെടുപ്പ് നീക്കങ്ങൾ സജീവമാക്കുകയാണ്.

പാർട്ടിയിൽ ചേർന്ന 21 നേതാക്കളുടെ പേരുവിവരങ്ങൾ അടങ്ങിയ പട്ടിക കോൺ​ഗ്രസ് തിങ്കളാഴ്ച്ച പുറത്തുവിട്ടിരുന്നു. ഇതിൽ മാഡി​ഗ ഉൾപ്പെടെയുള്ള പട്ടികജാതി വിഭാ​ഗത്തിൽ പെട്ട 16 നേതാക്കളുണ്ട്. ഇത് കർണാടകയിൽ തെരഞ്ഞെടുപ്പിന് മറ്റൊരു പോർമുഖം തുറക്കും. എന്നാൽ കർണാടകയിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ബിജെപി മാഡി​ഗ സമുദായത്തിന് കാര്യമായ രീതിയിൽ പരി​ഗണിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ മാഡി​ഗ സമുദായത്തിൽ നിന്നുള്ള കോൺ​ഗ്രസിലേക്കുള്ള ചേക്കേറൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് വഴിവെക്കും.

Signature-ad

മാഡി​ഗ സമുദായത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന മാഡി​ഗ റിസർവേഷൻ ഹൊറാട്ട സമിതിയിലെ സംസ്ഥാന നേതാക്കളുമാണ് കോൺ​ഗ്രസിലേക്കെത്തിയിരിക്കുന്നത്. സമിതിയുടെ സംസ്ഥാന നേതാവ് അംബാന്ന അരോലികർ,തിമ്മപ്പ അൽകുർ, രാജന്ന തുടങ്ങിയവരും പട്ടികയിലുണ്ട്. എജെ സദാശിവ കമ്മീഷന്റെ നിർദ്ദേശ പ്രകാരമുള്ള ആഭ്യന്തര സംവരണം നടപ്പിലാക്കാൻ 2018ൽ സിദ്ധാരാമയ്യ സർക്കാർ പരാജയപ്പെട്ടതിന് ശേഷമാണ് മാഡി​ഗ സമുദായക്കാർ വ്യാപകമായി ബിജെപിയിലേക്ക് ചേക്കേറിയത്. എന്നാൽ തെര‍ഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള കൂടുമാറ്റം കോൺ​ഗ്രസിന് പ്രതീക്ഷയേകുന്നതാണ്.

അതേസമയം, കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ൽ 125 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാർ നോക്കേണ്ടെന്നും ഇക്കുറി വാരുണയിൽ നിന്ന് മത്സരിക്കാനും എഐസിസി നേതൃത്വം സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ബിജെപി – ജെഡിഎസ് കൂട്ടുകെട്ട് സാധ്യത മുന്നിൽ കണ്ട് ഇൻറേണൽ സർവേയുടെ കൂടി അടിസ്ഥാനത്തിലാണ് നേതൃത്വം അത്തരമൊരു നിർദ്ദേശം മുൻപോട്ട് വച്ചത്. കഴിഞ്ഞ ദിവസം അന്തരിച്ച വർക്കിംഗ് പ്രസിഡൻറ് ധ്രുവനാരായണയുടെ മകന് സീറ്റ് നൽകാൻ തീരുമാനമായിട്ടുണ്ട്. സംസ്ഥാത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജം കൂട്ടി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയടക്കം കർണാടകയിൽ എത്തിയിരുന്നു. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് രാഹുലിൻറെ സാന്നിധ്യത്തിൽ മറ്റൊരു പ്രഖ്യാപനം കൂടി കോൺഗ്രസ് നടത്തിയിരുന്നു.

രാഹുൽ ഗാന്ധി പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പാർട്ടിയുടെ നാലാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘യുവ നിധി’ ആണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. അധികാരത്തിൽ എത്തിയാൽ ഉടൻ തന്നെ യുവ നിധി പദ്ധതി നടപ്പാക്കുമെന്നാണ് കോൺഗ്രസിൻറെ പ്രഖ്യാപനം. യുവതീയുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമെന്ന വൻ വാഗ്‍ദാനമാണ് കോൺഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ഇതുപ്രകാരം തൊഴിലില്ലാത്ത ബിരുദധാരികളായ യുവതീയുവാക്കൾക്ക് 3000 രൂപയും ഡിപ്ലോമ ബിരുദധാരികൾക്ക് 1500 രൂപയും പ്രതിമാസം വേതനം നൽകും.

അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തേക്ക് വേതനമുണ്ടാകും. നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂണിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ അരിയെന്നുള്ള കോൺഗ്രസിൻറെ പ്രഖ്യാപനം സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരുന്നു.

Back to top button
error: