KeralaNEWS

ഡ്രൈവറും ഡോക്ടറുമായി തര്‍ക്കം; വാഹനപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ആംബുലന്‍സ് വൈകി

വയനാട്: വേതനത്തെ ചൊല്ലി മെഡിക്കല്‍ ഓഫീസറും താല്‍ക്കാലിക ഡ്രൈവറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന്, വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ക്ക് ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയെന്ന് ആരോപണം. കഴിഞ്ഞ ദിവസം പനമരത്തിനടുത്ത കൂടോത്തുമ്മല്‍ ട്രൈബല്‍ ഹോസ്റ്റലിന് സമീപം കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ സുല്‍ത്താന്‍ബത്തേരി കുപ്പാടി സ്വദേശി അഭിജിത്തിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സ് വിട്ടുനല്‍കാന്‍ വൈകിയതായാണ് പനമരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെതിരെയുള്ള പരാതി.

കാലിനും തലയ്ക്കും സാരമായ പരുക്കേറ്റിട്ടും യുവാവിന് വാഹനം ലഭിക്കാന്‍ ഇരുപത് മിനിറ്റോളം സമയം കാത്തുനില്‍ക്കേണ്ടി വന്നതായി ഇയാളെ ആശുപത്രിയിലെത്തിച്ചവര്‍ പരാതിപ്പെട്ടു. ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഭിജിത്തിനെ മാനന്താടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ആംബുലന്‍സിലാണ് കൊണ്ടുപോേകണ്ടിയിരുന്നത്. എന്നാല്‍, വാഹനം ആശുപത്രി മുറ്റത്ത് കിടന്നിട്ടും ഇരുപത് മിനിറ്റോളം കാത്തിരിക്കേണ്ടി വന്നു.

Signature-ad

നാലുദിവസം മുമ്പ് ആംബുലന്‍സിന്റെ താക്കോല്‍ മനോജില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ വാങ്ങിവെച്ചിരുന്നു. ജോലി ചെയ്തതിന്റെ പ്രതിഫലമായി മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ച തുകയെഴുതിയ വൗച്ചറില്‍ ആംബുലന്‍സ് ഡ്രൈവറായ മനോജ് ഒപ്പിടാന്‍ വിസമ്മതിച്ചതോടെയാണ് തര്‍ക്കമായത്. അപകടത്തില്‍പ്പെട്ടയാളെ കൊണ്ടുവന്ന സമയം മനോജ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നാല്‍, താക്കോല്‍ ഇല്ലാത്തതിനാല്‍ വാഹനമെടുക്കാന്‍ പറ്റാതെ വരികയായിരുന്നു. പരുക്കേറ്റയാളുടെ ദയനീയാവസ്ഥ കണ്ട ഹെഡ് നേഴ്സ് അടക്കമുള്ളവര്‍ ബഹളം വെക്കുകയും നാട്ടുകാര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സീനിയര്‍ ആംബുലന്‍സ് ഡ്രൈവറെ ഫോണില്‍ വിളിച്ചാണ് മാനന്തവാടിയിലേക്ക് അഭിജിത്തിനെ കൊണ്ട് പോയത്. ഉച്ച കഴിഞ്ഞ് ലീവായിരുന്ന സീനിയര്‍ ആംബുലന്‍സ് ഡ്രൈവര്‍ ധൃതി പിടിച്ചെത്തിയപ്പോള്‍ ക്ലാര്‍ക്ക് താക്കോല്‍ സീനിയര്‍ ഡ്രൈവര്‍ക്ക് കൈമാറുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ അഭിജിത്തിനെ പിന്നീട് കോഴിക്കോടുള്ള ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: