വാഷിംഗ്ടൺ: സ്കൂൾ ബസ് കാത്തുനിന്ന സഹപാഠിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം ചെറുത്ത് വിദ്യാർത്ഥികൾ. സ്കൂൾ വിദ്യാർത്ഥിയെ ബസിൽ നിന്ന് തട്ടിയെടുക്കുന്നത് വളരെ എളുപ്പമാണെന്ന ധാരണയിലാണ് 30 കാരൻ തട്ടിക്കൊണ്ട് പോകൽ പദ്ധതിയിട്ടത്. എന്നാൽ കട്ടയ്ക്ക് ചെറുത്ത് നിൽക്കുന്ന ഒരു സംഘം കുട്ടികളുടെ ഇടയിൽ നിന്നാണ് ഒരു വിദ്യാർത്ഥിയെ തട്ടിയെടുക്കേണ്ടി വരികയെന്ന് യുവാവ് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല. വാഷിംഗ്ടണിൽ നിന്ന് 20 മൈൽ അകലെയുള്ള മേരിലാൻഡിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ഗെയ്തേഴ്സബർഗിലെ സ്കൂളിലേക്ക് കുട്ടികൾ ബസ് കാത്ത് നിൽക്കുന്ന ഇടത്ത് നിന്നാണ് ഒരു കുട്ടിയെ തട്ടിക്കൊണ്ട് പോകാനാണ് 30കാരനായ ജമാൽ ജർമനി ശ്രമിച്ചത്. രാവിലെ 7.20ഓടെ ബസ് കയറാൻ നിന്ന കുട്ടികളിലൊരാളെ ഇയാൾ പിടിച്ച് വലിച്ച് സമീപത്തെ അപ്പാർട്ട് മെൻറിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന മറ്റ് കുട്ടികൾ അക്രമിയെ കണ്ട് ഭയന്ന് ഓടാതെ ശക്തമായി ചെറുത്ത് നിൽക്കുകയായിരുന്നു. അക്രമിയുടെ കയ്യിൽ നിന്ന് സഹപാഠിയുടെ പിടി വിടീക്കാതെ കുട്ടികൾ ചെറുത്ത് നിൽപ് അവസാനിപ്പിച്ചില്ല.
കുട്ടിയെ തട്ടിക്കൊണ്ട് പോകാനുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കുട്ടികൾ ഒന്നിച്ച് നിന്നതോടെ അക്രമി ബസ് സ്റ്റോപ്പിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. സ്കൂൾ ബസ് വന്നതോടെ കുട്ടികൾ വിവരം സ്കൂൾ അധികൃതരോട് പറയുകയായിരുന്നു. സ്കൂൾ അധികൃതർ അറിയിച്ചതിന് പിന്നാലെ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ചു. കുട്ടികൾ വിശദമാക്കിയതിൻറെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയും അക്രമിയെ പൊലീസ് ഉടൻ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.