LIFEMovie

പാന്‍ ഇന്ത്യന്‍ അല്ല, അതുക്കും മേലേ… പ്രഭാസിന്‍റെ ‘സലാറി’ന് ഇംഗ്ലീഷ് പതിപ്പും, ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രം

ബാഹുബലിയിലൂടെ പ്രഭാസ് നേടിയെടുത്തതുപോലെ ഒരു താരമൂല്യം മറ്റൊരു ഇന്ത്യന്‍ താരത്തിനും ഒരു ചിത്രത്തിലൂടെ കൈവന്നിട്ടില്ല. എന്നാല്‍ ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം ആ നിലയില്‍ ഒരു ഹിറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമില്ല. സുജീത് സംവിധാനം ചെയ്ത സാഹോയും രാധാ കൃഷ്ണ കുമാര്‍ ഒരുക്കിയ രാധേ ശ്യാമുമാണ് ബാഹുബലിക്ക് ശേഷം പ്രഭാസിന്‍റേതായി സ്ക്രീനിലെത്തിയ ചിത്രങ്ങള്‍. പ്രഭാസിന്‍റെ മാറിയ താരമൂല്യം മുന്നില്‍ കണ്ട് പാന്‍ ഇന്ത്യന്‍ റിലീസുകളായി എത്തിയ ഈ രണ്ട് ചിത്രങ്ങളെയും പക്ഷേ പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. എന്നാല്‍ വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ ചിലതില്‍ പ്രഭാസ് ആരാധകര്‍ പ്രതീക്ഷ വെക്കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‍റെ സലാര്‍.

പാന്‍ ഇന്ത്യന്‍ റിലീസ് എന്ന് കരുതപ്പെട്ടിരുന്ന ചിത്രം അതിലും വലിയ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഒരുങ്ങുന്നതെന്നാണ് പുതിയ വിവരം. ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പം സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ തയ്യാറാവുകയാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, സംഗീതം രവി ബസ്‍രൂര്‍, ഈ വര്‍ഷം സെപ്റ്റംബര്‍ 28 ന് ആണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

Back to top button
error: