കൊച്ചി: മാതാപിതാക്കൾ മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഭാര്യ ഹിന്ദുവാണെന്നും എന്നതുൾപ്പെടെ വാദങ്ങൾ തള്ളിയാണു ദേവികുളം നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എ.രാജയുടെ തിരഞ്ഞെടുപ്പു ഹൈക്കോടതി അസാധുവാക്കിയത്. കുണ്ടള സിഎസ്ഐ പള്ളിയിലെ കുടുംബ റജിസ്റ്റർ, മാമോദീസ റജിസ്റ്റർ, സാക്ഷി മൊഴികൾ തുടങ്ങിയവ പരിഗണിച്ചാണ് ഉത്തരവ്. രാജയുടെ മാതാപിതാക്കളുടെ പേരുകൾ തിരുത്തിയിട്ടുണ്ടെന്നു റജിസ്റ്റർ പരിശോധിച്ചു കോടതി പറഞ്ഞു. മാതാവിന്റെ സംസ്കാര വിവരങ്ങളുള്ള റജിസ്റ്ററിലും തിരുത്തുണ്ട്. പഴയതു മായ്ച്ചു പുതിയ പേരും വിവരങ്ങളും ചേർത്തെന്നും കോടതി പറഞ്ഞു.
മാതാപിതാക്കൾ ഹിന്ദുക്കളായിരുന്നു എന്നായിരുന്നു രാജയുടെ വാദം. മാമോദീസ സ്വീകരിച്ചിട്ടില്ല. ഭാര്യ ഷൈനി പ്രിയ ഹിന്ദുവാണ്, സിഎസ്ഐ സഭാംഗമല്ല. വിവാഹം വീട്ടിൽവച്ചാണു നടന്നതെന്നും അറിയിച്ചു. എന്നാൽ, രാജയുടെ പിതാവിന്റെ മാതാപിതാക്കൾ തിരുനൽവേലി സ്വദേശികളാണെന്നും ഇവർ 1951നു ശേഷം ഇടുക്കിയിലേക്കു കുടിയേറിയെന്നുമായിരുന്നു ഹർജിക്കാരനായ എതിർസ്ഥാനാർഥി ഡി.കുമാറിന്റെ വാദം. രാജയുടെ മാതാപിതാക്കളായ ആന്റണിയും എസ്തറും 1992 ൽ കുണ്ടള എസ്റ്റേറ്റ് സിഎസ്ഐ പള്ളിയിൽ മാമോദീസ സ്വീകരിച്ചെന്നും 2016 ൽ മരിച്ച എസ്തറിനെ സിഎസ്ഐ പള്ളിയിലാണു സംസ്കരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കി. മാതാപിതാക്കളെ മാമോദീസ മുക്കിയ അതേ പാസ്റ്റർ തന്നെയാണു രാജയെയും മാമ്മോദീസ മുക്കിയത്. ഈ പാസ്റ്ററിന്റെ സാന്നിധ്യത്തിൽ ക്രിസ്ത്യൻ ആചാര പ്രകാരമാണു സിഎസ്ഐ സഭാംഗമായ ഷൈനി പ്രിയയെ കഴിച്ചതെന്നും ഹർജിക്കാരൻ വ്യക്തമാക്കി.
എന്നാൽ, 1950 നു മുൻപേ തിരുവിതാംകൂറിൽ പിതാവിന്റെ മാതാപിതാക്കൾ താമസം തുടങ്ങിയെന്നായിരുന്നു എ.രാജയുടെ വാദം. ദീർഘകാലം മക്കളില്ലാതിരുന്ന ഇവർ അടുത്തുള്ള പള്ളിയിൽ പോയി പ്രാർഥിച്ചെന്നും തുടർന്നു കുട്ടിയുണ്ടായെന്നും അതിനാൽ ആന്റണിയെന്നു പേരിട്ടെന്നും അറിയിച്ചു. അമ്മയുടെ പേര് എസ്തർ എന്നല്ലെന്നും ഈശ്വരി എന്നാണെന്നും അവർ ക്രിസ്തുമതം സ്വീകരിച്ചിട്ടില്ലെന്നുമായിരുന്നു വാദം. എന്നാൽ 1950 ലെ ഉത്തരവിനു മുൻപ് പൂർവികർ കുടിയേറിയെന്നു തെളിയിക്കുന്നതിൽ രാജ പരാജയപ്പെട്ടെന്നും കേരളത്തിലെ ഹിന്ദു പറയൻ വിഭാഗത്തിൽ അംഗമല്ലാത്തതിനാൽ പട്ടികജാതി സംവരണ സീറ്റിൽ തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.
ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹമെന്നു രാജ പറഞ്ഞെങ്കിലും ലഭ്യമായ ഫോട്ടോകൾ ക്രൈസ്തവ വിവാഹമായിരുന്നുവെന്ന സൂചന നൽകുന്നതായി കോടതി വിലയിരുത്തി. വിവാഹ സമയത്തു ബൈബിൾ വായിച്ചോ എന്ന ചോദ്യത്തിന് ‘ഓർക്കുന്നില്ല’ എന്നായിരുന്നു രാജയുടെ മറുപടി. ആൽബമോ ഫോട്ടോകളോ ഫൊട്ടോഗ്രഫർ നൽകിയിട്ടില്ലെന്നും അവകാശപ്പെട്ടു. താലിക്കൊപ്പം മാല ആരാണ് എടുത്തു നൽകിയത്, ചടങ്ങിൽ പൂജാരിയോ വൈദികനോ പങ്കെടുത്തോ എന്നീ ചോദ്യങ്ങളോടും അജ്ഞത കാട്ടി. ഓവർകോട്ട് അണിഞ്ഞിരുന്നത് ഏതു രീതിയിലായിരുന്നു വിവാഹമെന്നതിന്റെ സൂചനയാണ്. ക്രൈസ്തവ വധുവിന്റെ വേഷമായിരുന്നു ഭാര്യയുടേത്. പാസ്റ്ററുടെ സാന്നിധ്യവും ഹർജിക്കാരന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണെന്നു കോടതി വ്യക്തമാക്കി.