കണ്ണൂര്‍: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാന്‍ സി.പി.എമ്മും ബി.ജെ.പിയും മത്സരിച്ചപ്പോള്‍ മരണവീട്ടില്‍ കൂട്ടയടി. പിടിവലിക്കിടയില്‍ മൃതദേഹം ഒരുവിഭാഗം സ്വന്തമാക്കിയപ്പോള്‍ സംസ്‌കാരത്തിനെത്തിച്ച വിറകുമേന്തി പോര്‍വിളി. ഒടുവില്‍ നാല് സ്റ്റേഷനുകളില്‍നിന്നുള്ള പോലീസിന്റെ കാവലില്‍ സംസ്‌കാരം നടത്തി.
ഇരട്ടി കുയിലൂരിലാണ് സംഭവം. ഞായറാഴ്ചയാണ് കുയിലൂരിലെ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി.പ്രജിത്ത് (40) മരിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്.
നേരത്തേ ബി.ജെ.പി. ബൂത്ത് പ്രസിഡന്റായിരുന്നു പ്രജിത്ത്. എന്നാല്‍, പ്രജിത്തിന്റെ കുടുംബം സി.പി.എം. അനുഭാവികളാണ്. മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ പ്രജിത്തിന്റെ സുഹൃത്തുക്കളും പാര്‍ട്ടിപ്രവര്‍ത്തകരും കൈയില്‍ പൂക്കള്‍ കരുതിയിരുന്നു. ഇവര്‍ ശാന്തിമന്ത്രം ചൊല്ലുന്നതിനിടയില്‍ സി.പി.എം. അനുകൂലവിഭാഗം മൃതദേഹം സംസ്‌കരിക്കാനെടുത്തതോടെ പിടിവലിയായി. പിടിവലിക്കിടയില്‍ മൃതദേഹം വരുതിയിലായ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു. പിന്നാലെ പോര്‍വിളിയുമായി മറുവിഭാഗവുമെത്തി.
ചിതയില്‍ കിടത്തിയ മൃതദേഹത്തിനുചുറ്റും സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി. ഇതിനിടയില്‍ ചിലര്‍ക്ക് മര്‍ദനവുമേറ്റു. സ്ഥലത്തെത്തിയ ഇരിക്കൂര്‍ എസ്.ഐ. ദിനേശന്‍ കൊതേരി മൃതദേഹത്തിനടുത്തുനിന്ന് എല്ലാവരെയും മാറ്റി ഐവര്‍മഠം അധികൃതരെയും ബന്ധുക്കളെയും മാത്രം നിര്‍ത്തി. ഇതിനിടയില്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരിട്ടി സി.ഐ. കെ.ജെ.ബിനോയിയുടെ നേതൃത്വത്തില്‍ ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളില്‍നിന്നായി മുപ്പതിലധികം പോലീസുകാരും സ്ഥലത്തെത്തി.
കൂടുതല്‍ പോലീസെത്തിയതോടെ പലരും ഉള്‍വലിഞ്ഞു. രാത്രി 10-ഓടെ മൃതദേഹം കത്തിത്തീര്‍ന്ന ശേഷമാണ് പോലീസ് പിന്‍വാങ്ങിയത്. ആര്‍ക്കെതിരേയും കേസെടുത്തിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച വൈകിട്ട് ഇരിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ ഇരുവിഭാഗത്തിന്റെയും യോഗം വിളിച്ചിട്ടുണ്ട്.