ട്രെയിൻ യാത്രയ്ക്കിടെ വാട്സാപ്പിലൂടെ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ പദ്ധതിയുമായി ഐ.ആർ.സി.ടി.സി. യാത്രക്കാരുടെ സീറ്റിൽ ഇഷ്ടപ്പെട്ട റസ്റ്ററന്റിൽ നിന്നു തന്നെ ഭക്ഷണമെത്തും. ട്രെയിൻ യാത്ര ചെയ്യുന്ന റൂട്ടിലുള്ള പ്രധാന ഹോട്ടലുകൾ യാത്രക്കാർക്കു തിരഞ്ഞെടുക്കാം.
ആദ്യം തിരഞ്ഞെടുത്ത ട്രെയിനുകളിൽ നിലവിൽ വരുന്ന സംവിധാനം പിന്നീടു വ്യാപകമാക്കും. വാട്സാപ്പിലെ ചാറ്റ് പ്ലാറ്റ്ഫോമിൽ യാത്രക്കാരുടെ പിഎൻആർ നമ്പർ രേഖപ്പെടുത്തിയാൽ ലഭ്യമായ ഹോട്ടലുകളുടെ പേരുകൾ തെളിയും. നക്ഷത്ര ഹോട്ടലുകൾ വരെ ഇങ്ങനെ തിരഞ്ഞെടുക്കാം. വിഭവം തീരുമാനിച്ച് ഓൺലൈനായി ബിൽതുക അടച്ചു കഴിഞ്ഞാൽ ട്രെയിൻ നിശ്ചിത സ്ഥലത്ത് എത്തുമ്പോൾ ഭക്ഷണമെത്തും.
ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ തന്നെ ബന്ധപ്പെട്ട മൊബൈൽ നമ്പറിലേക്ക് വിവരങ്ങൾ അറിയിച്ചു കൊണ്ടുള്ള മെസേജ് വരും. ഹോട്ടലുകളുടെ നിലവാരമനുസരിച്ചുള്ള നിരക്കിനു പുറമേ സർവീസ് ചാർജും നൽകണം.