KeralaNEWS

അരിയും തിന്ന് വീടും തകർത്തു; എന്നിട്ടരിശം തീരാതെ… വീണ്ടും അരിക്കൊമ്പന്റെ ആക്രമണം

മൂന്നാർ: മയക്കുവെടി വച്ചു പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചതിനു പിന്നാലെ ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. അരിയും തിന്ന് വീടും തകർത്ത കാട്ടു കൊമ്പൻ സമീപത്തെ കൃഷിയിടത്തും നാശം വിതച്ച് മണിക്കൂറുകളോളം ഭീതിപരത്തിയ ശേഷമാണ് കാട്ടിലേക്കു മടങ്ങിയത്.

രാജകുമാരി തോണ്ടിമല ചൂണ്ടല്‍ വളവുകാട് ചുരുളിനാഥന്റെ വീടിന്റെ ഒരു ഭാഗമാണ് വ്യാഴാഴ്ച രാത്രി 12 ന് ഒറ്റയാന്‍ തകര്‍ത്തത്. ചുരുളിനാഥനും കുടുംബവും തമിഴ്നാട്ടിലായിരുന്നു. വീടിനോട് ചേര്‍ന്ന് തൊഴിലാളികള്‍ക്ക് താമസിക്കാനായി നിര്‍മിച്ച മുറിയാണ് തകര്‍ത്തത്. ചാക്കില്‍ സൂക്ഷിച്ചിരുന്ന 30 കിലോ അരി ഒറ്റയാന്‍ എടുത്തു തിന്ന ശേഷം ഏലക്ക വൃത്തിയാക്കുന്ന യന്ത്രത്തിനും കേടുപാട് വരുത്തി.

Signature-ad

ചൂണ്ടലില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. കാട്ടാന ശല്യം രൂക്ഷമായതിനാല്‍ ഏതാനും ദിവസങ്ങളായി ചുരുളിനാഥന്‍ കുടുംബ സമേതം തമിഴ്നാട്ടിലെ വീട്ടിലാണ് താമസിക്കുന്നത്. ചുരുളുനാഥന്റെ വീട് തകര്‍ത്ത ശേഷം അരി കൊമ്പന്‍ സമീപത്തു തന്നെയുള്ള ജോണ്‍സന്റെ കൃഷിയിടത്തിലും നാശനഷ്ടമുണ്ടാക്കി. തുടര്‍ന്ന് നേരം പുലരുന്നത് വരെ ചൂണ്ടല്‍ കുരിശടിയില്‍ നിലയുറപ്പിച്ചു. തുടർന്നാണ് കാട്ടിലേക്കു മടങ്ങിയത്. എത്രയും വേഗം അരിക്കൊമ്പനെ പിടികൂടി നാട്ടുകാരുടെ ദുരിതം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

Back to top button
error: