CrimeNEWS

കാപ്പാ പ്രതിയുടെ അമ്മയെ വീടാക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തു പ്രതികള്‍ കൂടി അറസ്റ്റില്‍ 

അടൂര്‍: കാപ്പാ പ്രതിയുടെ അമ്മയെ വീടാക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പത്തു പ്രതികള്‍ കൂടി അറസ്റ്റില്‍. ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാതയെയാണ്(64) ഞായറാഴ്ച രാത്രി 10.30-ന് ഒരു സംഘം ആളുകള്‍ വീട്ടില്‍ കയറി കമ്പിവടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഏനാദിമംഗലം കുറുമ്പകര എല്‍സി ഭവനില്‍ അനീഷിനെ(32) തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റു പ്രതികളായ പടിഞ്ഞാറ്റേതില്‍ ജിതിന്‍(24), മാരൂര്‍ കാട്ടുകാലയില്‍ സുരേന്ദ്രന്‍(44), മാരൂര്‍ കാട്ടുകാലയില്‍ സുധാ ഭവനം വീട്ടില്‍ സുധീഷ് ജയചന്ദ്രന്‍ (25), കുറുമ്പകര പൂവണ്ണം മൂട്ടില്‍ വിളയില്‍ സജിത്(23), മാരൂര്‍ കാട്ടുകാലയില്‍ എലിമുള്ളതില്‍ മേലേതില്‍ ശ്യാം(26), മാരൂര്‍ കാട്ടുകാലയില്‍ എലിമുള്ളതില്‍ മേലേതില്‍ ശരത്(31), കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതില്‍ ഉന്മേഷ് (35), കുറുമ്പകര ചീനിവിള രതീഷ് മോഹന്‍(30), കുറുമ്പകര ചീനിവിള അല്‍ ആമീന്‍ മന്‍സിലില്‍ അല്‍ ആമീന്‍(28), ഏനാദിമംഗലം ഇളമണ്ണൂര്‍ മരുതിമൂട് മാഹിന്‍മന്‍സിലില്‍ എസ്. ഷാജഹാന്‍ (34) എന്നിവരെയാണ് അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

പതിനഞ്ചോളം പേർ വരുന്ന സംഘമാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും അക്രമി സംഘം തല്ലിതകര്‍ക്കുകയും, വീട്ടുപകരണങ്ങളെല്ലാം നശിപ്പിച്ച് കിണറ്റില്‍ ഇടുകയും ചെയ്തിരുന്നു. സുജാതയുടെ വീട്ടിലുണ്ടായിരുന്ന വളര്‍ത്തുനായയെയും ഇവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

Signature-ad

ഞായറാഴ്ച രാത്രിയില്‍ വീട്ടില്‍ കയറിയുള്ള ആക്രമണത്തില്‍ തലയ്ക്ക് മാരകമായി പരിക്കേറ്റ സുജാതയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ് തലച്ചോര്‍ കലങ്ങിയിരുന്നു. ഒപ്പം വാരിയെല്ലിന് പൊട്ടലും സംഭവിച്ചതായാണ് മെഡിക്കൽ റിപ്പോർട്ട്.

കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ബന്ധുക്കള്‍ തമ്മിലുള്ള വഴിത്തര്‍ക്കം തീര്‍ക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാല്‍(24), ചന്ദ്രലാല്‍(21) എന്നിവര്‍ അവരുടെ വളര്‍ത്തു നായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇവര്‍ കൊണ്ടുവന്ന വളര്‍ത്തുനായ നാല് വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പടെ മൂന്ന് പേരെ കടിക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് ഞായറാഴ്ച രാത്രി സംഘം ചേര്‍ന്ന് സുജാതയുടെ വീട് ആക്രമിച്ചത്. ഈ സമയം സുര്യലാലും ചന്ദ്രലാലും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരും പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ്.

സുജാതയുടെ കൊലപാതകത്തിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പ്രത്യേക ആന്വേഷണ സംഘത്തെ പ്രതികളെ പിടിക്കൂടുന്നതിനായി നിയോഗിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികള്‍ക്കയി അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികളുടെ സാന്നിധ്യം കറവൂര്‍ സന്യാസികോണിലുള്ള ബന്ധു വീട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ സ്ഥലത്തെത്തിയ പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിനെ കണ്ട് പ്രതികള്‍ കാട്ടിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് അടൂരില്‍ നിന്നും കൂടുതല്‍ പോലീസ് എത്തി കറവൂര്‍ – പുന്നല വനമേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും, ആനകളുടെ സാന്നിദ്ധ്യം കാരണം മടങ്ങേണ്ടി വന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഒമ്പത് പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി അടൂര്‍ ഡിവൈ.എസ്,പി ആര്‍.ബിനു പറഞ്ഞു. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മരണപ്പെട്ട സുജാതയുടെ മക്കളെ ശവ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം, ഏനാത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലേക്ക് അടൂര്‍, ഏനാത്ത് പൊലീസിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Back to top button
error: