തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ ആയി ഡോ. കെ.ജെ. റീനയെ നിയമിച്ചു. നിലവിൽ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ആണ്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കൺവീനറും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എന്നിവർ അംഗങ്ങളുമായ സെലക്ഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റി സമർപ്പിച്ച പാനലിന്റെ അടിസ്ഥാനത്തിലാണ് ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് ഡയറക്ടറായി നിയമിച്ചത്.
ഇന്ത്യയിൽ ആദ്യമായി കൊവിഡ് കേരളത്തിൽ തൃശൂരിൽ സ്ഥികരിക്കുമ്പോൾ തൃശൂർ ജില്ലാ മെഡിക്കൽ ഓഫിസറായിരുന്നു ഡോ.കെ.ജെ.റീന. പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറുടെ ചുമതലയും ഡോ. റീന വഹിച്ചിട്ടുണ്ട്. ഡയറക്ടർ ആയിരുന്ന ഡോ. ആർ എൽ സരിത ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ ആരോഗ്യവകുപ്പിന് സ്ഥിരം ഡയറക്ടറെ നിയമിച്ചിരുന്നില്ല. ഇതിൽ വ്യാപക പരാതി ഉയർന്നപ്പോഴാണ് ഇപ്പോൾ നിയമനം.